Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നിര്‍ത്തിയിട്ട് നാലാഴ്ച; നാട്ടുകാരും ജനപ്രതിനിധികളും സ്‌കൂള്‍ കുട്ടികളും ചേര്‍ന്ന് ഉപരോധിച്ചു

വെമ്പായം: മലയോരഗ്രാമീണമേഖലയും വിനോദസഞ്ചാരത്തിനു പ്രാധാന്യമുള്ള പ്രദേശവുമായ മദപുരത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നിര്‍ത്തിയിട്ട് നാലാഴ്ച. ഇതില്‍ പ്രതിഷേധിച്ച് മദപുരം ജനകീയസമിതിയുടെ നേതൃത്വത്തില്‍ വെഞ്ഞാറമൂട് ഡിപ്പോ നാട്ടുകാരും ജനപ്രതിനിധികളും സ്‌കൂള്‍ കുട്ടികളും ചേര്‍ന്ന് ഉപരോധിച്ചു.

നാലാഴ്ചയായി ജനം ബുദ്ധിമുട്ടിലാണ്. കന്യാകുളങ്ങര ഗവ.ബോയ്‌സ്, ഗേള്‍സ്, നെടുവേലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ കുട്ടികള്‍, കോളേജ് കുട്ടികള്‍ എന്നിവര്‍ വലയുകയാണ്. കന്യാകുളങ്ങര ആശുപത്രിയില്‍ എത്താനുള്ള പ്രായമായവരുടെയും രോഗികളുടെയും സ്ഥിതിയും മോശമാണ്. മദപുരത്ത് നിന്ന് എവിടേക്ക് പോകണമെങ്കിലും വെമ്പായം ജങ്ഷനില്‍ എത്തണം. 

പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തമ്പുരാന്‍ തമ്പുരാട്ടി പാറയും മദപുരത്താണ്. വെഞ്ഞാറമൂട് ഡിപ്പോയില്‍ നിന്നു ദിവസവും അഞ്ചിലധികം സര്‍വീസുകളാണു മദപുരത്തേക്ക് നടത്തിയിരുന്നത്. ഇത് ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. എന്നാല്‍ വേണ്ടത്ര കളക്ഷന്‍ ലഭിക്കുന്നില്ലെന്ന കാരണത്താല്‍ ഇവിടേക്കുള്ള സര്‍വീസ് നിര്‍ത്തുകയായിരുന്നു. ഇതോടെ ഈ പ്രദേശത്തുകാര്‍ ആകെ നട്ടംതിരിയുകയാണ്. മറ്റ് മാര്‍ഗങ്ങളൊന്നുമില്ല ഇവിടത്തുക്കാര്‍ക്ക് പ്രധാന റോഡിലെത്താന്‍. 

ബസ് സര്‍വീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കിയെങ്കിലും പരിഹാരം കാണാത്തതിനാലാണ് നാട്ടുകാര്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഡിപ്പോ ഉപരോധിച്ചത്. ഡിപ്പോയിലേക്കുള്ള പ്രധാന രണ്ടു കവാടങ്ങളും നാട്ടുകാര്‍ ഉപരോധിച്ചു. രാവിലെ 10.30ന് തുടങ്ങിയ ഉപരോധം ഉച്ചയ്ക്ക് 12 മണി വരെ തുടര്‍ന്നു. വെഞ്ഞാറമൂട് പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്തു.


Post a Comment

0 Comments