Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വെള്ളനാട് – ചെറ്റച്ചൽ സ്പെഷൽ പാക്കേജ് റോഡ് നിർമാണം ഏകോപിപ്പിക്കും: ശബരീനാഥൻ എംഎൽഎ

നെടുമങ്ങാട്: സംസ്ഥാനത്തെ ആദ്യത്തെ സംരംഭമായ വെള്ളനാട് – ചെറ്റച്ചൽ സ്പെഷൽ പാക്കേജ് റോഡിന്റെ ആദ്യത്തെ നിർമാണ അവലോകനം കെ.എസ്. ശബരീനാഥൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി. റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കാണ് (റിക്സ്) 22 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നിർമാണ ചുമതല. റോഡ് നിർമാണം സമയബന്ധിതമായി മുന്നോട്ടു പോകുന്നതായും എംഎൽഎ അറിയിച്ചു. കഴിഞ്ഞ വർഷം നിർമാണ പ്രവർത്തനം ആരംഭിച്ച ഈ റോഡിന് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിനുള്ള സർവേ നടപടികൾ പൂർത്തിയായി വരുകയാണ്. റോഡ് നിർമാണത്തിനാവശ്യമായ സ്ഥലം ഫെബ്രുവരി മാസത്തോടെ കമ്പനിക്കു കൈമാറേണ്ടതുണ്ട്. 

സർവേ നടപടികൾ പൂർത്തിയായ സ്ഥലങ്ങളിൽ അളന്നു തിട്ടപ്പെടുത്തി സ്ഥലം മാർക്ക് ചെയ്തു കഴിഞ്ഞതായി യോഗം വിലയിരുത്തി. നാല് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഈ റോഡിന് എല്ലാ സ്ഥലങ്ങളിലും പദ്ധതി പ്രകാരമുള്ള വീതി ലഭിക്കുന്നതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഈ കാര്യത്തിൽ പല സ്ഥലങ്ങളിൽ പൊതുജനങ്ങൾക്കും പ്രദേശത്തെ ജനപ്രതിനിധികൾക്കും പഞ്ചായത്തിനും ഉള്ള അഭിപ്രായങ്ങളും കൂടി പരിഗണിച്ചായിരിക്കും റോഡിന്റെ നിർമാണം നടത്തുക. റോഡ് നിർമാണത്തിന് തടസ്സമായി നിൽക്കുന്ന കയ്യേറ്റങ്ങൾ ബന്ധപ്പെട്ട എല്ലാപേരുമായി സഹകരിച്ചു പരിഹാരം കണ്ടെത്തും. ഈ റോഡിൽ വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വെള്ളം ഒഴുകി പോകുന്നതിനുള്ള സംവിധാനം പരമാവധി ഒരുക്കും. 

ഇതിനായിട്ടുള്ള കലുങ്ക് നിർമാണം നാല് പഞ്ചായത്തുകളിലും ആരംഭിച്ചിട്ടുണ്ട്. റോഡ് പണി നടത്തുന്നതിനും അനുബന്ധമായ നവീകരണത്തിനും പൊതുമരാമത്ത് പുറമ്പോക്ക് സ്ഥലം ഇതിനായി പരമാവധി ഉപയോഗപ്പെടുത്താൻ നോക്കും. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ, സാമൂഹിക-സാംസ്കാരിക സംഘടനകളുടെയും സഹകരണം എംഎൽഎ ഇതിനായി അഭ്യർഥിച്ചു. ഇങ്ങനെ കണ്ടെത്തുന്ന സ്ഥലങ്ങൾ പ്രയോജനപ്പെടുത്തിയാൽ മാത്രമേ ഈ റോഡിന് ഏകീകൃതമായ വീതിയും മതിയായ രീതിയിൽ ഓടയും കൂടുതൽ സ്ഥലങ്ങൾ കിട്ടുന്ന ഭാഗങ്ങളിൽ ബസ്ബേയും നിർമിക്കാൻ സാധിക്കുവെന്നും യോഗം വിലയിരുത്തി. 

വെള്ളനാട് – ചെറ്റച്ചൽ റോഡ് കടന്നുപോകുന്ന പ്രധാന അഞ്ച് ജംക്‌ഷനുകളും 27 ചെറിയ ജംക്‌ഷനുകളും കേന്ദ്രീകരിച്ചു നവീകരിക്കും. ജംക്‌ഷനുകൾ വികസിപ്പിക്കുന്നതിനാവശ്യമായ സ്ഥലം അതതു പ്രദേശത്തെ ജനങ്ങളുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കണ്ടെത്തുമെന്നും റിക്ക് ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഥലം ലഭ്യമാകുന്നിടങ്ങളിൽ ഫു‍ട് പാത്ത്, സ്ട്രീറ്റ് ലൈറ്റുകൾ, ബസ്ബേ ​എന്നിവ നിർ‍മിക്കും. റോഡ് നിർമാണം സുഗമമായി നടക്കുന്നതിനും പണി പൂർത്തിയായതിനു ശേഷം റോഡ് വെട്ടിപ്പൊളിക്കുന്നതു പരമാവധി കുറയ്ക്കുന്നതിനും മറ്റു വകുപ്പുകളെയും ഏകോപിപ്പിക്കും. 

ഇതിനായി റവന്യൂ വകുപ്പ്, കേരള വാട്ടർ അതോറിറ്റി, വൈദ്യുതി ബോർഡ്, ബിഎസ്എൻഎൽ, വനം വകുപ്പ് തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിക്കുമെന്നും ശബരീനാഥൻ പറഞ്ഞു. സ്പെഷൽ പാക്കേജ് റോഡ് കടന്നുപോകുന്ന വനം വകുപ്പിന്റെ സ്ഥലത്ത് റോഡ് നിർമാണത്തിനായി കൂടുതൽ സ്ഥലം ലഭ്യമാക്കുന്നതിനു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുമെന്നും എംഎൽഎ അറിയിച്ചു. റോഡ് പണിയുടെ പുരോഗതിയും സ്ഥലം ഏറ്റെടുക്കുന്നതിൽ പ്രദേശവാസികളുടെ അഭിപ്രായവും അറിയുന്നതിന് എംഎൽഎയും ഉന്നത ഉദ്യോഗസ്ഥരുടെയും അതതു പ്രദേശത്തെ പഞ്ചായത്ത് ഭരണസമിതിയും ചേർന്നു സ്ഥലം പരിശോധിച്ചു തർക്കങ്ങളും പൊതു ആവശ്യങ്ങളും ഇത്തരത്തിൽ പരിഹരിക്കുവാനും തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനായി ചെറ്റച്ചൽ മുതൽ വെള്ളനാട് വരെയുള്ള ഭാഗം പരിശോധന നടത്താനും തീരുമാനമായി. 

ഇതിന്റെ ഭാഗമായി ചെറ്റച്ചലിൽ നിന്ന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥലം പരിശോധന ആരംഭിച്ചു. റോഡിന്റെ നിർമാണ പുരോഗതി വിലിയിരുത്താൻ അടുത്തു തന്നെ വിപുലമായ യോഗം വീണ്ടും വിളിക്കും കഴിഞ്ഞ യുഡിഎഫ് സർക്കാരാണ് 40 കോടി രൂപ മുതൽമുടക്കുള്ള വെള്ളനാട് – ചെറ്റച്ചൽ റോഡിന് നിർമാണാനുമതി നൽകിയത്. ഇതിന്റെ ചുമതല കേരള സർക്കാരിന്റെ കീഴിലെ റോഡ് ഇൻഫ്രാ സ്ട്രക്ചർ കമ്പനി കേരള ലിമിറ്റഡിനാണ് (റിക്ക്). ഇതര പൊതുമരാമത്ത് വകുപ്പ് നിർമാണ പ്രവൃത്തികളിൽ നിന്നു വ്യത്യസ്ഥമായി പബ്ലിക് - പ്രൈവറ്റ് പാർട്ണർഷിപ്പ് ആനുറ്റി വ്യവസ്ഥയിൽ 13 വർഷം പരിപാലനവും രണ്ട് വർഷം നടത്തിപ്പുമായി 15 വർഷത്തേയ്ക്കാണു കരാർ ഉള്ളത്. ഈ റോഡിന്റെ നിർമാണ പ്രവൃത്തികളുടെ കരാർ ഇൻകൽ-ഇ.കെ.കെ റോഡ് കമ്പനിയ്ക്കാണ്. 

നിർമ്മാണ മേൽനോട്ടം ശ്രീഖൻഡെ കൺസൽറ്റിങ് കമ്പനിക്കാണ്. യോഗത്തിൽ റിക്ക് എംഡി എം.പെണ്ണമ്മ, ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ജെയ്ക്ക് ജോസഫ്, ശ്രീഖൻഡെ കൺസൽറ്റൻസി ജനറൽ മാനേജർ അജയ കുമാർ, റിക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ സാംസൺ ജോൺ, റിക്ക് എക്സിക്യുട്ടീവ് എൻജിനീയർ എൻജൽസ് വർഗീസ്, പൊതുമരാമത്ത് അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനീയർ ജയരാജ്, വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി, ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് ഷാമിലാ ബീഗം, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംന നവാസ്, വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി, പഞ്ചായത്ത് അംഗങ്ങൾ, ജില്ലാ- ബ്ലോക്ക് - പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഇൻകൽ-ഇ.കെ.കെ പ്രോജക്ട് മാനേജർ, ഹഫ്സൽ, പ്രോജക്ട് മാനേജർ പച്ചയപ്പൻ എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments