Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വിതുരയിൽ വീണ്ടും പൈപ്പ് പൊട്ടി; കുടിവെള്ള വിതരണം അനിശ്ചിതത്വത്തിൽ

വിതുര: വേണ്ടരീതിയിൽ അറ്റക്കുറ്റപ്പണി നടത്താത്തിനെ തുടർന്ന് വിതുരയിൽ ഇന്നലെ രാത്രിയും ജല അതോറിറ്റി പൈപ്പ് പൊട്ടി. ചന്തമുക്ക്– ശിവൻകോവിൽ റൂട്ടിൽ ഇന്നലെ രാത്രി എട്ടരയോടു കൂടിയാണു പൈപ്പ് വീണ്ടും പൊട്ടി വെള്ളം പാഴായത്. മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം ജല അതോറിറ്റി കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു മണിക്കൂറുകൾക്കകം വീണ്ടും പൈപ്പ് പൊട്ടിയതു നട്ടുകാർക്കു വിനയായി. കഴിഞ്ഞ ഒരു മാസത്തിനിടയ്ക്ക് അഞ്ചോളം തവണ പലയിടത്തായി പൈപ്പ് പൊട്ടി കുടിവെള്ള വിതരണം തടസ്സപ്പെട്ടു. കലുങ്ക് ജംക്‌ഷനിൽ കഴിഞ്ഞ ആഴ്ച പൈപ്പ് പൊട്ടി മൂന്നു കടകളിൽ വെള്ളം ഇരച്ചു കയറി ആയിരക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായിരുന്നു. ഏഴ് ദിവസമായിരുന്നു ഇതെ തുടർന്നു വിതുരയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടത്. 

പ്രധാനമായും പൈപ്പ് വെള്ളത്തെ ആശ്രയിച്ചാണു കലുങ്ക് ജംക്‌ഷനിലെയും ശിവൻകോവിൽ ജംക‌്‌ഷനിലെയും താമസക്കാരും വ്യാപാരികളും മുന്നോട്ടുപോകുന്നത്. വേനൽ കടുത്തതിനാൽ പല കിണറുകളും വറ്റി. പൈപ്പ് ജലമാണ് ഏക ആശ്രയും. അപ്പോഴാണു കൂനിന്മേൽ കുരു പോലെ പൈപ്പ് പൊട്ടൽ. പമ്പ് ചെയ്തു ജലവിതരണം തുടങ്ങുന്നതു താവയ്ക്കലിൽ നിന്നാണ്. ഇവിടെ നിന്നു ചന്തമുക്ക് വഴിയാണു വിതുര കലുങ്കിൽ ഉൾപ്പടെയുള്ള സ്ഥലത്തേക്കു വെള്ളം പൈപ്പ് വഴി പോകുന്നത്. 

ചന്തമുക്കിനു സമീപം പൈപ്പ് പൊട്ടിയതോടെ എല്ലായിടത്തും കുടിവെള്ള വിതരണം തടസ്സപ്പെടും. പൊട്ടലുണ്ടാകുന്ന ഇടങ്ങളിൽ നന്നാക്കാൻ വില കുറഞ്ഞ പൈപ്പും മറ്റും ഉപയോഗിക്കുന്നതു സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയെന്ന ആക്ഷേപം ശക്തമാണ്. അതേ സമയം, പ്രശ്നവുമായി ബന്ധപ്പെട്ടു ബന്ധപ്പെട്ടവരെ വിളിച്ചു പരാതി പറഞ്ഞാൽ പരിഹാരമുണ്ടാകുന്നില്ലെന്ന പരാതിയും ശക്തമാണ്. പൈപ്പ് പൊട്ടൽ സംബന്ധിച്ച കാരണം വിശദീകരിക്കാൻ പോലും അധികൃതർ മുതിരാത്തതു പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.


Post a Comment

0 Comments