നെടുമങ്ങാട്: ജില്ലാ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ മാതൃകപരമായി സംഘടിപ്പിച്ചതിനുള്ള ജില്ലാതല അവാർഡ് നെടുമങ്ങാട്
നഗരസഭയ്ക്കു ലഭിച്ചു. നഗരസഭയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള 596 രോഗികളിൽ മൂന്നൂറോളം പേർക്കു വിവിധ തരത്തിലുള്ള സാന്ത്വന പരിചരണങ്ങളാണ് ഇവിടെ ഇപ്പോഴും തുടർന്നു വരുന്നത്. മാത്രമല്ല, നൂറ്റിഅൻപതോളം രോഗികളെ വീടുകളിൽ എത്തിയാണു വിവിധ തരത്തിലുള്ള പരിചരണങ്ങൾ നൽകുന്നത്. സൗജന്യമായി മരുന്നും ഭക്ഷണക്കിറ്റും വീടുകളിൽ എത്തിക്കുന്നതിനു പുറമേ പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ചു പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു വസ്ത്രങ്ങളും ബെഡ്ഷീറ്റും ഭക്ഷണക്കിറ്റും നൽകുന്നു. ഓണത്തിന് എല്ലാ പേർക്കും ഓണക്കിറ്റും വിതരണം ചെയ്യും.
ഇതിന് ആവശ്യമായ തുക സ്കൂൾ കുട്ടികളിൽ നിന്ന് ഒരു മാസം ഒരു രൂപയിൽ കുറയാത്ത തുക കോയിൻ ബോക്സിലൂടെ സംഭാവനയായി സ്വീകരിച്ച് ആ തുകയ്ക്ക് പുറമേ കുട്ടികൾ നൽകുന്ന അരിയും സോപ്പും മറ്റു വസ്തുക്കളുമാണു രോഗികൾക്കു നൽകുന്നത്. കൂടാതെ, സന്നദ്ധ സംഘടനകൾ, സുമനസ്സുകൾ എന്നിവരുടെ സഹായവും ലഭിക്കുന്നുണ്ട്. ഏറ്റവും മാതൃകപരമായി പാലിയേറ്റീവ് കെയർ പരിപാടിയുമായി സഹകരിക്കുന്ന രണ്ടു സ്കൂളുകൾക്കു വരുന്ന പാലിയേറ്റീവ് കുടുംബ സംഗമത്തിൽ ഉപഹാരം നൽകുന്നതിനു നഗരസഭ തീരുമാനിച്ചിട്ടുണ്ട്. പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നതു ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സജീവ്, മുനിസിപ്പൽ ഹെൽത്ത് സൂപ്പർവൈസർ ഉഷാകരൻ, നഴ്സ് സജീല എന്നിവരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരും ആശാവർക്കർമാരുമാണ്.
പാലിയേറ്റീവ് ദിനമായ ഇക്കഴിഞ്ഞ 15നു തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നടന്ന ജില്ലാ പാലിയേറ്റീവ് കെയർ സംഗമത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അവാർഡ് ദാനം നിർവഹിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ചന്ദ്രശേഖരൻ നായർ എന്നിവർ സന്നിഹിതരായിരുന്നു. നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സജീവ്, ഹെൽത്ത് സൂപ്പർവൈസർ ഉഷാകരൻ, നഴ്സ് സജീല എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.