Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മെഡക്സ് പ്രദർശനത്തിന് മെഡിക്കൽ കോളജിൽ തുടക്കം

തിരുവനന്തപുരം: മനുഷ്യന്റെ ഉൽപ്പത്തിമുതൽ ജനനം, വളർച്ച, രോഗങ്ങൾ, മരണം തുടങ്ങി ഒരു മനുഷ്യായുസിനെ സംബന്ധിച്ച് അറിയേണ്ടതെല്ലാം ഒരുക്കുകയാണു മെഡിക്കൽ കോളജിൽ നടക്കുന്ന മെഡക്സ് ആരോഗ്യ പ്രദർശനം. 55 സ്റ്റാളുകളിലായി മെഡിക്കൽകോളജിലെ വിവിധ മന്ദിരങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണു പ്രദർശനം. അതും രണ്ടു ലക്ഷം ചതുരശ്ര അടി സ്ഥലത്ത്. ആന്തരികാവയവങ്ങളുടെ ഭീമാകാര മോഡലുകൾ, തത്സമയ ശസ്ത്രക്രിയകൾ, വിർച്വൽ റിയാലിറ്റി, ഓഗമെന്റഡ് റിയാലിറ്റി, പ്രൊജക്ടർ പ്രസന്റേഷൻ, പ്രദർശന വസ്തുക്കളുടെ മ്യൂസിയം പ്രസന്റേഷൻ കൂടാതെ അനവധി വ്യത്യസ്തമായ ആശയങ്ങൾ മെഡക്‌സിൽ ആസ്വദിക്കാനാകും. രാവിലെ 9.30 മുതൽ രാത്രി 7.30 വരെ പ്രദർശനം കാണാൻ എത്താം. സാധാരണ ടിക്കറ്റിന് 100 രൂപയും മുഴുവൻ സ്റ്റാളുകൾ ചുറ്റിക്കാണാൻ 200 രൂപയും നൽകണം. 100 പേരിൽ കൂടുതലായി എത്തുന്ന വിദ്യാർഥി സംഘങ്ങൾക്ക് അൻപതു രൂപയ്ക്ക് പ്രദർശനം കാണാം. മെഡെക്സ് പ്രദർശനത്തിന്റെ ഭാഗമായി ഫൊറൻസിക് വിഭാഗത്തിൽ തയാറാക്കിയിട്ടുള്ള ഏറെ വിവാദമായ സൗമ്യവധക്കേസിലെ വിശദാംശങ്ങൾ കാണികളെ ആകർഷിക്കും. ഫൊറൻസിക് പരിശോധന രീതികളും നിഗമനങ്ങളും ആളുകൾക്കു കൂടുതൽ വ്യക്തത വരുത്താനായി ഒരുക്കിയിട്ടുണ്ട്. സൗമ്യ വധക്കേസിലെ തീവണ്ടിബോഗിയും റെയിൽവേപാളവും ഡെമ്മി മൃതശരീരവും ഉൾപ്പെടെ ഫൊറൻസിക് സ്റ്റാളിൽ കാണാം. ആർസിസി, ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, രാജീവ്ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി തുടങ്ങിയവരും പ്രദർശനത്തിൽ പങ്കാളികളാണ്. 

ഐഎംഎയുടെ സഹകരണത്തോടെ എല്ലാ ദിവസവും വിവിധ വിഷയങ്ങളിൽ മെഡ്ടോക്സ് എന്ന പ്രഭാഷണ പരമ്പരയും ഉണ്ടാകും. ബിഎംഐ, രക്തസമ്മർദം, ബോൺഡെൻസിറ്റി, തുടങ്ങിയ പരിശോധനകൾക്കും പ്രദർശനത്തിൽ സൗകര്യമുണ്ടായിരിക്കും. പ്രദർശനം കാണാൻ എത്തുന്നവർക്കു സഹായവുമായി വൊളന്റിയർമാരും വിശ്രമിക്കുന്നതിനായി റിഫ്രഷ്മെന്റ് സ്റ്റാളുകൾ, കുട്ടികൾക്കു പ്രത്യേക വിശ്രമസ്ഥലം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ.കെ.ശൈലജ, മേയർ വി.കെ.പ്രശാന്ത്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.തോമസ് മാത്യു, മെഡക്‌സ് ഓർഗനൈസിങ് സെക്രട്ടറി ഡോ. ജോബിജോൺ, ജോയിന്റ് കൺവീനർ ഡോ.എസ്.എസ്.സന്തോഷ് കുമാർ, കൗൺസിലർ എസ്.എസ്.സിന്ധു, ആരോഗ്യ സർവകലാശാല പ്രോ–വൈസ് ചാൻസലർ ഡോ.എ.നളിനാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു.




Post a Comment

0 Comments