ആര്യനാട്: കെഎസ്ആർടിസി ബസ് യാത്രക്കാരനെ ജീവനക്കാർ മർദിച്ചതായി ആരോപണം. ഇവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ഡിപ്പോ ഉപരോധിച്ചു. ശനി വൈകിട്ട് നെടുമങ്ങാട് ഡിപ്പോയിൽ നിന്നാണു സംഭവങ്ങളുടെ തുടക്കം. നെടുമങ്ങാട് വൈദ്യുതി വകുപ്പ് ഓഫിസിലെ ജീവനക്കാരനും സിപിഎം പരുത്തിപ്പളളി ബ്രാഞ്ച് സെക്രട്ടറിയുമായ ക്രിസ്തുദാസി(40)നാണ് ആക്രമണമേറ്റത്. ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനായി ബസിൽ കയറവേ കയ്യിലിരുന്ന ബാഗ് കണ്ടക്ടർ മാഹീൻ കുഞ്ഞിന്റെ ദേഹത്തു തട്ടുകയും കയ്യിലുണ്ടായിരുന്ന നാണയത്തുട്ടുകൾ നിലത്തു വീഴുകയും ചെയ്തു. ഇതു വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിച്ചതായാണു പരാതി.
തുടർന്ന്, കണ്ടക്ടറും ഡ്രൈവർ എൻ.ഷാജികുമാറും ചേർന്നു തന്നെ ആക്രമിച്ചതായാണു ക്രിസ്തുദാസിന്റെ പരാതി. ആര്യനാട് ഡിപ്പോയിൽ നിന്നുള്ള കാട്ടാക്കട-നെടുമങ്ങാട് ചെയിൻ സർവീസ് ബസിൽ നെടുമങ്ങാട് ഡിപ്പോയിലാണു സംഭവം. തുടർന്ന്, ക്രിസ്തുദാസ് ഈ ബസിൽ തന്നെ ആര്യനാട് ഡിപ്പോയിലെത്തി. ഇതിനിടയിൽ, സംഭവം നടന്ന വിവരം ക്രിസ്തുദാസ് സിപിഎം പ്രവർത്തകരെ അറിയിച്ചു. എന്നാൽ, യാത്രക്കാരനെ മർദിച്ചിട്ടില്ലെന്നു ജീവനക്കാർ പറഞ്ഞു. രാത്രി ഏഴരയോടെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ആര്യനാട് ഡിപ്പോക്കു മുന്നിൽ തടിച്ചുകൂടി. യാത്രക്കാരനെ ആക്രമിച്ച ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ, ആര്യനാട് സിഐ: എസ്.അനിൽകുമാർ സംഭവസ്ഥലത്തെത്തി.
ഈ സമയം ട്രാൻ. ഡിപ്പോക്കു മുന്നിലെ റോഡ് പ്രവർത്തകർ ഉപരോധിച്ചു. ഇതിനിടയിൽ, ക്രിസ്തുദാസ് സ്റ്റേഷൻ മാസ്റ്റർക്കും ആര്യനാട് പൊലീസ് സ്റ്റേഷനിലും പരാതി നൽകി. തുടർന്ന്, ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടി. ഒടുവിൽ, ജില്ലാ പഞ്ചായത്തംഗം വി.വിജുമോഹനും സിപിഎം ആര്യനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.ദീക്ഷിതും ചേർന്നു പ്രവർത്തകരെ ശാന്തരാക്കി. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാമെന്ന സിഐയുടെ ഉറപ്പിൻമേൽ രാത്രി ഒൻപതരയോടെ പ്രവർത്തകർ പിരിഞ്ഞു പോയി. സംഭവത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ ആര്യനാട് പൊലീസ് കേസെടുത്തു. ആക്രമണം നടന്നതു നെടുമങ്ങാട് ഡിപ്പോയിലായതിനാൽ കേസ് നെടുമങ്ങാട് പൊലീസിനു കൈമാറുമെന്നും ആര്യനാട് എസ്ഐ അജീഷ് അറിയിച്ചു. അന്വേഷണ വിധേയമായി ജീവനക്കാരെ ജോലിയിൽ നിന്നു മാറ്റിനിർത്തിയതായി വെള്ളനാട് എടിഒ സുദർശനൻ അറിയിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.