കോവളം: സീസൺ തിരക്കിന്റെ തിരകളുയർന്ന കോവളം തീരത്തു സഞ്ചാരികൾക്കു കണ്ണിനും കാതിനും വിരുന്നേകി ടൂറിസം വകുപ്പിന്റെ നാടൻകലാമേള ‘ഉൽസവ’ത്തിനു നാളെ തിരശീലയുയരും. രണ്ടു വർഷത്തിലേറേ നീണ്ട ഇടവേളയ്ക്കുശേഷം ഇതാദ്യമായി കോവളത്തു കേളികൊട്ടുയരുന്ന ഉൽസവം ഇക്കുറി ലൈറ്റ് ഹൗസ് ബീച്ചിലാണ് അരങ്ങേറുക. 11 വരെയുള്ള ദിവസങ്ങളിൽ ഇവിടെ വൈകുന്നേരങ്ങളിൽ കേരളത്തിന്റെ തനതു കലാരൂപങ്ങൾ നിറഞ്ഞാടും. വിദേശികളുൾപ്പെടെയുള്ള സഞ്ചാരികൾക്കും ഒപ്പം നാട്ടിലെ പുതുതലമുറയ്ക്കും തനതു കലാവിരുന്ന് പുതിയൊരു കാഴ്ചാനുഭവമാകും എന്നാണു പ്രതീക്ഷയെന്നു കോവളത്തെ ടൂറിസം ഇൻഫർമേഷൻ ഓഫിസർ ബേബി ഷീജ പറഞ്ഞു.
മുൻകാലങ്ങളെ അപേക്ഷിച്ച് ഉൽസവത്തിന്റെ ജില്ലയിലെ ഏക വേദിയെന്ന പ്രത്യേകതയും കോവളത്തിനുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടത്തുന്ന ഉൽസവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം കോട്ടക്കുന്നിൽ വകുപ്പുമന്ത്രി നിർവഹിക്കും. ഒരു ദിവസം രണ്ടു കലാപരിപാടികളാണ് അരങ്ങിലെത്തുക. ലൈറ്റ് ഹൗസ് തീരത്തെ തുറസ്സായ വേദിയിൽ എല്ലാ ദിവസവും ആറിനാണു പരിപാടി തുടങ്ങുന്നത്. ആദ്യ ദിവസമായ നാളെ വേലകളിയോടെയാണു തുടക്കം. പണയിൽ ഗോപാലകൃഷ്ണനും സംഘവും നേതൃത്വം നൽകും. സുധീർ മുള്ളൂർക്കരയും സംഘവും അവതരിപ്പിക്കുന്ന തിരിയുഴിച്ചിലും സർപ്പം പാട്ടുമാണ് രണ്ടാമത്തെ കലാവിരുന്ന്.
ആറിനു ദ്വാരക കൃഷ്ണൻ അവതരിപ്പിക്കുന്ന കണ്യാർകളി. തുടർന്നു പ്രമോദ് അവതരിപ്പിക്കുന്ന നിണബലി. ഏഴിനു കണ്ണപ്പൻ അവതരിപ്പിക്കുന്ന തോൽപ്പാവകൂത്തും ഉണ്ണിക്കൃഷ്ണൻ അവതരിപ്പിക്കുന്ന പൂതനും തിറയും. എട്ടിന് ആദ്യം സുധാകരൻ നേതൃത്വം നൽകുന്ന ചരടുപിന്നിക്കളിയും പുതുമന ഗോവിന്ദൻ നമ്പൂതിരിയും സംഘവും അവതരിപ്പിക്കുന്ന തിടമ്പുനൃത്തവും. ഒൻപതിനു കീഴില്ലം ഉണ്ണിക്കൃഷ്ണൻ അവതരിപ്പിക്കുന്ന മുടിയേറ്റും മുകുന്ദപ്രസാദിന്റെ ഗരുഡൻ പറവയും കാണാം. 10ന് ദേവീവിലാസം അവതരിപ്പിക്കുന്ന പടയണി, വിൽപാട്ട് എന്നിവ ആസ്വദിക്കാം. 11ന് കോട്ടവട്ട തങ്കപ്പൻ അവതരിപ്പിക്കുന്ന പൂപ്പട തുള്ളൽ, ആണ്ടിപണിക്കർ അവതരിപ്പിക്കുന്ന തെയ്യം എന്നിവയോടെ ഉൽസവത്തിനു സമാപനമാകും.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.