വിതുര: തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്നു. ക്ഷാമത്തെ അതിജീവിക്കാൻ പര്യാപ്തമായ പദ്ധതികൾ ആവിഷ്കരിക്കുന്നതു സംബന്ധിച്ച അനുകൂലമായ ഇടപെടൽ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകാത്ത സാഹചര്യത്തിൽ പൊതുജന പ്രതിഷേധം ശക്തിയാർജിച്ചു. തൊളിക്കോട് പഞ്ചായത്തിലെ മിക്ക കിണറുകളും വറ്റി. വേനൽ അൽപം നേരത്തേയെത്തിയതും പ്രതീക്ഷിച്ചപോലെ മഴ ലഭിക്കാത്തതും പ്രശ്നം കൂടുതൽ വഷളാക്കിയിരിക്കുകയാണ്. താരതമേന്യ ഉയർന്ന പ്രദേശമായതിനാൽ പനയ്ക്കോട്, കണിയാരംകോട്, പുള്ളീക്കോണം മേഖലകളിൽ അവസ്ഥ പരിതാപകരമാണ്. രണ്ടു പഞ്ചായത്തുകളുടെ കുടിവെള്ളപ്രശ്നം പരിഹരിക്കാൻ ജി.കാർത്തികേയൻ കൊണ്ടുവന്ന പദ്ധതി പഞ്ചായത്ത് അധികൃതർ അവതാളത്തിലാക്കിയെന്ന ആരോപണം ഉന്നയിച്ചു കോൺഗ്രസ് പ്രത്യക്ഷ സമരം തുടങ്ങിക്കഴിഞ്ഞു.
എന്നാൽ കോൺഗ്രസുകാർ വികസനവിരോധം കാണിച്ചു പദ്ധതി വിജയത്തിലെത്തിക്കാൻ എൽഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയെ അനുവദിക്കുന്നില്ലെന്നാണു സിപിഎമ്മിന്റെ വാദം. ഇരുകൂട്ടരും തമ്മിലുള്ള രാഷ്ട്രീയപ്പോര് കുടിവെള്ള പദ്ധതിയെ പിന്നോട്ടടിക്കുന്നുവെന്നുള്ള ആരോപണമാണു ബിജെപി ഉന്നയിക്കുന്നത്. കുടിവെള്ളപ്രശ്നം തീർക്കണമെന്നാവശ്യപ്പെട്ടു പ്രത്യക്ഷ സമരങ്ങൾ തുടർക്കഥ പോലെ വന്നിട്ടും പരിഹാരമായിട്ടില്ല. തലയിൽ കുടമേന്തി മഹിളാ കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. യൂത്ത്കോൺഗ്രസ് ഉപവാസസമരം നടത്തി. ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗങ്ങൾ ചേർന്നു. കോൺഗ്രസ് രാഷ്ട്രീയ വിശദീകരണയോഗങ്ങൾ സംഘടിപ്പിച്ചു. എസ്ഡിപിഐയുടെ ഉപവാസ സമരവും ഇതിനിടെ നടന്നു. മുസ്‌ലിംലീഗും കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു യോഗം ചേർന്നു. ടാങ്കറിലോ മറ്റോ കുടിവെള്ളമെത്തിച്ചു ക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്നാണു പൊതുവായ ആവശ്യം.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.