Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മദ്യവിൽപനശാല ജനവാസ കേന്ദ്രത്തിലേക്കു മാറ്റാൻ ശ്രമിച്ചതു നാട്ടുകാർ തടഞ്ഞു

വെമ്പായം: ബവ്റിജസ് കോർപറേഷൻ മദ്യവിൽപനശാല ജനവാസ കേന്ദ്രത്തിലേക്കു മാറ്റാൻ ശ്രമിച്ചതു നാട്ടുകാർ തടഞ്ഞു. സംസ്ഥാന പാതയിൽ വെമ്പായം കിടങ്ങയത്തിനു സമീപത്തു പ്രവർത്തിച്ചിരുന്ന മദ്യവിൽപനകേന്ദ്രമാണു പിരപ്പൻകോട് രാജ്യാന്തര നീന്തൽ സമുച്ചയത്തിന് അടുത്തേക്കു മാറ്റാൻ ശ്രമിച്ചത്. പ്രദേശത്തു നാനൂറോളം കുടുംബങ്ങൾ താമസമുണ്ട്. നീന്തൽ സമുച്ചയത്തിൽ വനിതാ, പുരുഷ ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നൂറോളം കുട്ടികൾ താമസിക്കുന്നു. കൂടാതെ രാവിലെയും വൈകിട്ടും പെൺകുട്ടികൾ ഉൾപ്പെടെ അഞ്ഞൂറോളം പേർ പരിശീലനത്തിനായി എത്തുന്നുണ്ട്. 

ദേശീയ ഗെയിംസ് ഉൾപ്പെടെ രാജ്യാന്തര മൽസരങ്ങൾ സംഘടിപ്പിക്കുന്ന നീന്തൽ സമുച്ചയത്തിനു സമീപത്തു മദ്യ വിൽപനശാല വരുന്നതു പ്രദേശത്തെ സാമൂഹിക അന്തരീക്ഷത്തെയും സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനത്തെയും ബാധിക്കുമെന്നാരോപിച്ചാണു പ്രദേശവാസികൾ ശക്തമായ സമരവുമായി രംഗത്തെത്തിയത്. മദ്യവിൽപനശാല ഇവിടേക്കു മാറ്റി സ്ഥാപിക്കുന്നത് അറിഞ്ഞതിനെത്തുടർന്നു നാട്ടുകാർ സംഘടിച്ചു മൂന്നു ദിവസം മുൻപ് ആക്‌ഷൻ കൗൺസിൽ രൂപീകരിക്കുകയും ബന്ധപ്പെട്ടവർക്കു പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനെ അവഗണിച്ച് ഇന്നലെ വൈകിട്ടു ലോറിയിൽ ഇവിടെ മദ്യം ലോഡിറക്കാൻ എത്തിയതിനെത്തുടർന്നു സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ പ്രതിഷേധവുമായി എത്തുകയും ഇവിടേക്കുള്ള റോഡിൽ ഉപരോധ സമരം ആരംഭിക്കുകയും ചെയ്തു. 

സംഭവമറിഞ്ഞതിനെത്തുടർന്നു മദ്യവുമായി വന്ന ലോറി വെമ്പായത്തു നിർത്തിയിട്ടു. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ സ്ഥലത്തെത്തി ഇവിടെ വിൽപനകേന്ദ്രം ആരംഭിക്കില്ലെന്ന് ഉറപ്പുനൽകിയതിനുശേഷമാണു നാട്ടുകാർ പിരിഞ്ഞത്. അതേസമയം അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകാമെന്ന് അധികൃതർക്കു രാഷ്ട്രീയ നേതൃത്വങ്ങൾ ഉറപ്പു നൽകിയിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും പ്രദേശത്ത് എവിയെയായിരുന്നാലും മദ്യവിൽപന കേന്ദ്രം അനുവദിക്കില്ലെന്നും നാട്ടുകാർ അറിയിച്ചു.


Post a Comment

0 Comments