നെടുമങ്ങാട്: കൃഷിയിടങ്ങളിൽ കൂട്ടത്തോടെ വന്യമൃഗങ്ങൾ എത്തി കൃഷി നശിപ്പിക്കുന്നതു കർഷകരെ ദുരിതത്തിലാക്കി. ബാങ്കുകളിൽ നിന്നും മറ്റും വായ്പകൾ തരപ്പെടുത്തിയും അല്ലാതെയും ഏറെ ബുദ്ധിമുട്ടി കൃഷിയിറക്കിയ കർഷകർക്ക് വന്യമൃഗങ്ങളുടെ ശല്യം വഴിയുണ്ടായ കൃഷിനാശത്തിനു നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ശക്തമായി ഉയർന്നു വന്നിരിക്കുന്നു. ആനാട്, പനവൂർ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും നെടുമങ്ങാട് നഗരസഭയിലെ ചില സ്ഥലങ്ങളിലുമാണ് കുരങ്ങ്, കാട്ടുപന്നി, മ്ലാവ്, മയിൽ എന്നിവ കൂട്ടത്തോടെയും അല്ലാതെയും ഇറങ്ങി കൃഷിവിളകൾ നശിപ്പിക്കുന്നത്.
കൂട്ടത്തോടെ എത്തുന്ന വാനരസംഘം കൃഷിവിളകൾ മാത്രമല്ല വീടുകളുടെ മേൽക്കൂരകൾ പോലും തകർത്തു വീടിനുള്ളിൽ ഇറങ്ങി പലവിധ നാശങ്ങൾ വരുത്തുന്നുണ്ട്. വാഴക്കുലകളും കരിക്കിൻ കുലകളും നശിപ്പിക്കുന്നു. ചെടികളുടെയും ഫലവൃക്ഷങ്ങളുടെയും തളിരുകൾ കൊത്തി നശിപ്പിക്കുകയാണ് മയിലുകൾ. കൃഷിയിടങ്ങൾ പാടെ ഉഴുതുമറിച്ചും കർഷകരെ ആക്രമിച്ചും കാട്ടുപന്നികൾ വ്യാപക നാശനഷ്ടമാണ് വരുത്തുന്നത്. കാട്ടുമൃഗങ്ങളെക്കൊണ്ടു കർഷകരുടെയും സാധാരണ ജനങ്ങളുടെയും ജീവിതം ദുരിതത്തിലായിരിക്കുകയാണ്. ജനവാസ കേന്ദ്രങ്ങളിലേക്കു കാട്ടുമൃഗങ്ങൾ ഇറങ്ങി സർവനാശമുണ്ടാക്കിയിട്ടും വനം വകുപ്പ് അധികൃതർക്കു മിങ്ങാട്ടമില്ലാത്തതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.