തിരുവനന്തപുരം: തലസ്ഥാന മൃഗശാലയ്ക്കു പുതുവർഷ സമ്മാനമായി രണ്ടു ഹിമാലയൻ കരടികൾ അടുത്ത മാസം എത്തും. നേരത്തെ ഉണ്ടായിരുന്ന ഏക ഹിമാലയൻ കരടി പ്രായാധിക്യംമൂലം മരിച്ചിരുന്നു. അതിനു പകരമാണു രണ്ട് ഉശിരൻ കരടികളെ തലസ്ഥാനത്ത് എത്തിക്കുന്നത്.അടുത്ത മാസം പകുതിയോടെ കരടികൾ മൃഗശാലയിൽ എത്തുമെന്ന് അധികൃതർ അറിയിച്ചു. നാഗാലാൻഡിൽ നിന്നാകും ഹിമാലയൻ കരടികളെ കൊണ്ടുവരിക.
കരടികൾക്കു പകരമായി മൃഗശാലയിലെ രണ്ടു കടുവകളെ നൽകും. കാർത്തിക, മണികണ്ഠൻ എന്നീ കടുവകളെയാകും നൽകുക. അടുത്ത മാസം ട്രെയിൻമാർഗം കരടികളെ മൃഗശാലയിൽ എത്തിക്കാനാണു നീക്കം നടക്കുന്നത്. ഇതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. ഇതു കൂടാതെ മൃഗശാലയിലെ ജലപക്ഷികൾക്കായി വലിയ കൂട് ഒരുങ്ങിക്കഴിഞ്ഞു. ചെറിയ കൂടുകളിൽ കിടക്കുന്ന ജലപക്ഷികളെ മുഴുവൻ ഈ വിശാലമായ കൂട്ടിലേക്കു മാറ്റാനാണു നീക്കം.
മൃഗശാലയിലെ കുളത്തിനോടു ചേർന്നാണു കൂട് തയാറാക്കിയിരിക്കുന്നത്. കരടിയുടെ കൂടിനു താഴെയുള്ള ചെറിയ കുളവും വലിയ കുളവും ചേർത്താണു കൂട് ഒരുക്കുന്നത്. ഇതിന്റെ നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. നേരത്തെ കൊക്ക് ഇനത്തിൽപെട്ട പക്ഷികൾക്കായി വലിയ കൂട് നിർമിച്ചിരുന്നു. ആ മാതൃകയിലാണു പുത്തൻ കൂടും ഒരുക്കുന്നത്. ജലപക്ഷികൾക്കു വിശാലമായി നീന്തിത്തുടിക്കുന്നതിനും അവസരം നൽകുന്ന രീതിയിലാണു കൂടിന്റെ നിർമാണം.
ചെറിയ കൂടുകളിൽ ഉള്ള ജലപക്ഷികളെ ഇവിടേക്കു മാറ്റുന്നതോടെ കാഴ്ചക്കാർക്ക് അതു പുത്തൻ വിരുന്നാകും.അതേസമയം, മൃഗശാലയിലേക്കു പുത്തൻ ആനയെ കൊണ്ടുവരാൻ സാധ്യതയില്ലെന്നാണു വിവരം. ഇവിടെയുണ്ടായിരുന്ന മഹേശ്വരിയെന്ന ആന ചരിയുകയും മറ്റൊരു ആനയെ കോട്ടൂർ ആന പരിപാലനകേന്ദ്രത്തിനു നൽകുകയും ചെയ്തിരുന്നു. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ നിർദേശത്തെ തുടർന്നായിരുന്നു ആനയെ കോട്ടൂരിലേക്കു കൈമാറിയത്.
മൃഗശാലകളിൽ ആനയെ വളർത്താൻ പാടില്ലെന്ന രീതിയിലുള്ള നിർദേശം നൽകിയതോടെയാണ് ആനയില്ലാതെ തലസ്ഥാന മൃഗശാല മാറിയത്.ഈ നിർദേശത്തിൽ നിലവിൽ ചെറിയ ഭേദഗതികൾ വരുത്തിയെങ്കിലും അതും നടപ്പിലാക്കാൻ ബുദ്ധിമുട്ടാണെന്നാണു വിലയിരുത്തൽ. ആനയ്ക്കായി 2.1 ഹെക്ടർ സ്ഥലം വേണമെന്നും അതിനെ ചങ്ങലയ്ക്കിടാതെ വിശാലമായ ഏരിയയിൽ കാടിന്റെ മാതൃകയിൽ സ്ഥലം കണ്ടെത്തി ഉപയോഗിക്കണമെന്നും കേന്ദ്ര അതോറ്റിറ്റി ഭേദഗതി നൽകിയിട്ടുണ്ട്. എന്നാൽ തലസ്ഥാന മൃഗശാലയുടെ സ്ഥലപരിമിതിയിൽ ആ നിർദേശം നടപ്പിലാക്കാൻ ബുദ്ധിമുട്ടാണെന്നാണു കണക്കാക്കുന്നത്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.