Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വീടു കുത്തിത്തുറന്നു നാൽപതു പവന്റെ ആഭരണങ്ങളും ഏഴായിരം രൂപയും കള്ളൻമാർ കവർന്നു


വെമ്പായം: വീട്ടുകാർ പള്ളിയിൽ പോയ സമയം വീടു കുത്തിത്തുറന്നു നാൽപതു പവന്റെ ആഭരണങ്ങളും ഏഴായിരം രൂപയും കള്ളൻമാർ കവർന്നു. വേറ്റിനാട് വെമ്പായം പഞ്ചായത്ത് ഓഫിസിനു സമീപം ജോജോ നിവാസിൽ സ്റ്റീഫന്റെ വീട്ടിലാണു കവർച്ച നടന്നത്. ക്രിസ്മസ് തലേന്നു രാത്രി ഒൻപതോടെ ഇവർ കുടുംബമൊന്നിച്ചു പള്ളിയിൽ കുർബാനയിൽ പങ്കെടുക്കാൻ പോയിരുന്നു. സ്റ്റീഫന്റെ മകൻ ജോജോ പൊലീസിൽ പത്തനംതിട്ടയിലായിരുന്നു. 

ക്രിസ്മസ് പ്രമാണിച്ച് അവധിയെടുത്തു ജോജോയും നാട്ടിലുണ്ടായിരുന്നു. രാത്രി പന്ത്രണ്ടോടെ മടങ്ങിയെത്തുമ്പോൾ മുൻവാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. സംശയം തോന്നി അകത്തുകടന്നപ്പോൾ അവിടെയും വാതിലുകൾ കുത്തിത്തുറന്നിട്ടുണ്ടായിരുന്നു. മുറിക്കുള്ളിലെ അലമാരിയിൽ വച്ചിരുന്ന ജോജോയുടെ ഭാര്യയുടെ നാൽപതു പവൻ ആഭരണങ്ങളാണു നഷ്ടമായത്. ഇവരുടെ വിവാഹം നടന്നിട്ടു നാലുമാസമേ ആയിട്ടുള്ളു. അലമാരയിൽ വച്ചിരുന്ന ഏഴായിരം രൂപയും കള്ളൻമാർ കൊണ്ടുപോയി. മുറിക്കകത്തു സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. വട്ടപ്പാറ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡ് എത്തിയെങ്കിലും തെളിവുകൾ ഇല്ലാത്തതിനാൽ പുറത്തിറങ്ങിയില്ല. വട്ടപ്പാറ പൊലീസ് കേസെടുത്തു.


Post a Comment

0 Comments