ആര്യനാട്: നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ആര്യനാട് ഗവ. വി ആൻഡ് എച്ച്എസ്എസിൽ ഇന്നു തിരി തെളിയും. ഒൻപതിനു സമാപിക്കും. 82 സ്കൂളുകളിൽ നിന്നായി നാലായിരം മത്സരാർഥികൾ ആറു വേദികളിലായി മാറ്റുരയ്ക്കും. ഇന്നു രാവിലെ പത്തു മുതൽ രചനാമത്സരങ്ങൾക്കു തുടക്കമാകും. ആറിനു രാവിലെ ഒൻപതിനു കാഞ്ഞിരംമൂട് ജംക്‌ഷനിൽ നിന്നു വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിദ്യാർഥികൾ അണിനിരക്കുന്ന വർണശബളമായ ഘോഷയാത്ര.
തുടർന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു കലോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം വി.വിജുമോഹൻ അധ്യക്ഷത വഹിക്കും. തുടർന്നു കലാമത്സരങ്ങൾ വേദികളിൽ അരങ്ങേറും. ഒൻപതിനു വൈകിട്ട് 3.30നു നടക്കുന്ന സമാപനസമ്മേളനം കെ.എസ്.ശബരീനാഥൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കവി മുരുകൻ കാട്ടാക്കട വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാമിലാ ബീഗം അധ്യക്ഷത വഹിക്കും.
കലോത്സവത്തിന്റെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്തംഗം വി.വിജുമോഹൻ നിർവഹിച്ചു. കലോത്സവത്തിനു വേണ്ട ഒരുക്കങ്ങൾ പൂർത്തിയായതായി വി.വിജുമോഹൻ, നെടുമങ്ങാട് എഇഒ രാജ്കുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എസ്.ടി.സാജൻ, പിടിഎ പ്രസിഡന്റ് എം.എ.അൻസാരി, പുഷ്പരാജ്, ചൂഴ ഗോപൻ എന്നിവർ അറിയിച്ചു. കലോത്സവത്തിന്റെ ഉദ്ഘാടനത്തിനു സി.ദിവാകരൻ എംഎൽഎയെ ഒഴിവാക്കിയെന്നാരോപിച്ചു സിപിഐ ഉദ്ഘാടനസമ്മേളനത്തിൽ നിന്നു മാത്രം വിട്ടുനിൽക്കുമെന്നു ലോക്കൽ കമ്മിറ്റി സെക്രട്ടറി സുകുമാരൻ നായർ, ഇൗഞ്ചപ്പുരി സന്തു, ബി.സനകൻ, ദേവദാസൻ എന്നിവർ അറിയിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.