തിരുവനന്തപുരം: അമിത വേഗത്തിലും പുകപറത്തിയും വാഹനം പായിക്കുന്നവർ ജാഗ്രതൈ. സംസ്ഥാന പൊലീസ് സംഘങ്ങൾ നിങ്ങൾക്കായി വലവിരിച്ചു കഴിഞ്ഞു. പിടികൂടുന്നവർക്കു പിഴയും കോടതി നടപടികളും നേരിടേണ്ടിവരും. ഇന്നലെമുതൽ ട്രാഫിക് പൊലീസ് നടപടി തുടങ്ങി. ട്രാഫിക് ഐജി: മനോജ് ഏബ്രഹാമിന്റെ നിർദേശത്തെ തുടർന്നാണു ജനത്തിനു ശല്യമായി മാറിയ വാഹനങ്ങളെ റോഡിൽനിന്നും തുരത്താൻ പൊലീസിന്റെ തീരുമാനം. സൈലൻസറുകൾ മാറ്റിവച്ചു ചെകിട് പൊട്ടുന്ന രീതിയിലുള്ള ശബ്ദവുമായി പായുന്നവരും കാറുകളിൽ രൂപകൽപ്പന ചെയ്ത് മാറ്റം വരുത്തിയവർ തുടങ്ങി റോഡിലുടെ നിയമം തെറ്റിച്ചു പായുന്നവർക്കു മുഴുവൻ മുന്നറിയിപ്പുമായാണു പൊലീസ് നടപടി തുടങ്ങിയത്.
റോഡിലൂടെ ചീറി പാഞ്ഞാൽ കോടതി കയറാം
അമിത ശബ്ദവും പുകപടലങ്ങളുമായി പായുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 279 പ്രകാരം കേസെടുക്കാനാണു പൊലീസ് തീരുമാനം. ഇതുപ്രകാരം അമിതവേഗത്തിനും അലക്ഷ്യമായ ഡ്രെവിങ്ങിനും അപകടകരമായി വാഹനം ഓടിക്കുന്നതിനും കേസ് വരും. കൂടാതെ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുക്കും. രണ്ടു ജാമ്യക്കാരും യഥാർഥ രേഖകളുമായി വന്നാൽ മാത്രമേ വാഹനം മടക്കിനൽകൂ. കൂടാതെ കേസ് എടുത്തു കോടതിയിലേക്കു കൈമാറും. കോടതിയിൽനിന്നും ലഭിക്കുന്ന കൂറ്റൻ പിഴയും ഒടുക്കേണ്ടിവരും.
ട്രാഫിക് നിയമം ലംഘിച്ചും മോട്ടോർ വാഹന നിയമം ലംഘിച്ചും വാഹനം രൂപമാറ്റം നടത്തുന്നവർക്കും ഇനി രക്ഷയുണ്ടാകില്ല. ഇത്തരക്കാരെ നിരീക്ഷിച്ചു വിവരമറിയിക്കാൻ നഗരത്തിലെ പോയിന്റുകളിൽ ട്രാഫിക് പൊലീസുകാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കസ്റ്റഡിയിൽ എടുക്കുന്ന വാഹനം വിട്ടുനൽകാൻ ഇതിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള എയർഹോൺ ഉൾപ്പെടെയുള്ളവ മാറ്റി സ്ഥാപിക്കേണ്ടി വരും. അതുചെയ്താൽ മാത്രമേ വാഹനം സ്റ്റേഷനിൽ നിന്നും വിട്ട് നൽകുകയുള്ളൂ.
പുക മലിനീകരണ വാഹനങ്ങൾക്കു പിഴ
പുകപടർത്തി ഇനി നഗരത്തിലൂടെ പറന്നുനടക്കാമെന്നു കരുതേണ്ടതില്ല. ഇത്തരക്കാരെയും ട്രാഫിക് പൊലീസ് പിടികൂടൂം. ഇവർക്ക് ആദ്യഘട്ടമായി പിഴനൽകി വിട്ടയയ്ക്കും. വീണ്ടും പുകയുമായി റോഡിൽ ഇറങ്ങിയാൽ കേസും മറ്റു നടപടികളും നേരിടേണ്ടിവരും. രണ്ടാം ഘട്ടമായി വാഹന ഉടമകളുടെ ലൈസൻസ് ഉൾപ്പെടെ റദ്ദ് ചെയ്യുന്ന കാര്യം പരിഗണിക്കും.
രൂപമാറ്റം ചെയ്ത വാഹനങ്ങൾ മുഴുവൻ പിടികൂടും
ഇന്നലെ മുതൽ ട്രാഫിക് പൊലീസ് രൂപമാറ്റം ചെയ്ത വാഹനങ്ങളെ പിടികൂടാൻ തുടങ്ങിക്കഴിഞ്ഞു. ഇന്നലെ മാത്രം ഇരുപതോളം വണ്ടികളെ പുക, ശബ്ദ ശല്യമുണ്ടാക്കിയ വാഹനങ്ങൾക്കെതിരെ നടപടി എടുത്തിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
എയർഹോണുകൾ ഉൾപ്പെടെ പിടിവീഴും
നഗരത്തിൽ ശംഖുമുഖം, കവടിയാർ, വെള്ളയമ്പലം, ചാക്ക തുടങ്ങിയ ഭാഗങ്ങളിൽ രൂപമാറ്റം നടത്തിയ ബൈക്കുകളിൽ അഭ്യാസം നടത്തുന്നവരെ മുഴുവൻ പിടികൂടാൻ തീരുമാനമെടുത്തിട്ടുണ്ട്. കൂടാതെ എയർഹോൺ, കാറുകളുടെ അമിതവേഗം തുടങ്ങിയവയും തടയും. ഐജി: മനോജ് ഏബ്രഹാമിന്റെ നിർദേശത്തിൽ എസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധനകളും നടത്തും.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.