പാലോട്: വിമുക്തഭടൻമാരെയും ഒരു നീന്തൽ താരത്തെയും അടക്കം 12 വർഷമായി ജോലിചെയ്യുന്ന മൂന്ന് ജീവനക്കാരെ അറിയിപ്പോ വേതനമോ നൽകാതെ പിരിച്ചുവിട്ടു പകരം 11 പേരെ നിയമിച്ചതുമായി ബന്ധപ്പെട്ടു സ്പോർട്സ് കൗൺസിലിനു കീഴിലുള്ള നന്ദിയോട് പച്ച നീന്തൽക്കുളത്തിനു മുന്നിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ആക്‌ഷൻ കൗൺസിൽ നടത്തുന്ന ഉപരോധസമരത്തിന്റെ ഭാഗമായി അഞ്ചാംദിനവും പരിശീലനം മുടങ്ങി. ഇന്നലെ പുലർച്ചെ മുതൽ തന്നെ നേതാക്കളും പ്രവർത്തകരും ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്നു പരിശീലകർക്കു പോലും അകത്തു കടക്കാനായില്ല.
പിന്നീട് ഉപരോധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നേരത്തെ സമരം ഡിസിസി ജനറൽ സെക്രട്ടറി പി.എസ്.ബാജിലാൽ ഉദ്ഘാടനം ചെയ്തു. പിന്നീട് കെപിസിസി ജനറൽ സെക്രട്ടറി ടി.ശരത്ചന്ദ്രപ്രസാദ് സമരപ്പന്തലിലെത്തി പ്രക്ഷോഭം ശക്തമാക്കുമെന്നറിയിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.ചന്ദ്രശേഖരപിള്ളയുടെ അധ്യക്ഷതയിൽ ആക്‌ഷൻ കൗൺസിൽ ചെയർമാൻ ടി.കെ.വേണുഗോപാൽ, ജനറൽ കൺവീനർ പി.രാജീവൻ, ബി.എൽ.കൃഷ്ണപ്രസാദ്, ആലുംകുഴി ചന്ദ്രമോഹൻ, ബി.സുശീലൻ, യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് അരുൺരാജൻ, മണ്ഡലം പ്രസിഡന്റ് രാജ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
അതേ സമയം അഞ്ചു ദിവസമായി പരിശീലനം മുടങ്ങിയിട്ടും സ്പോർട്സ് കൗൺസിൽ ചർച്ചയ്ക്കു തയാറാകാനോ പ്രശ്നം പരിഹരിക്കാനോ ശ്രമിക്കാത്തതിൽ രക്ഷിതാക്കളിൽ പ്രതിഷേധം ഉയരുന്നുണ്ട്. പിരിച്ചു വിട്ടവരിൽ രണ്ടുപേർ രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിച്ച വിമുക്തഭടൻമാരും ഒരു വനിത കുളത്തിനു തൊട്ടടുത്തു താമസിക്കുന്ന ഇതേ കുളത്തിൽ നീന്തി സംസ്ഥാന താരം വരെയായിട്ടും ജോലിയൊന്നും ലഭിക്കാതെ കൗൺസിൽ തന്നെ നേരിട്ടു നിയമിച്ചതുമാണ്. ഇതൊന്നും രാഷ്ട്രീയ നിയമനം ആയിരുന്നില്ലെന്നും പറയുന്നു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.