Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മലയാളം വിക്കിപീഡിയയ്ക്ക് ഇന്ന് 14 വയസ്സ്

2002 ഡിസംബർ 21-ന് അക്കാലത്ത് അമേരിക്കൻ സർവ്വകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് എം.പി. യാണ് മലയാളം വിക്കിപീഡിയ ഇപ്പോഴുള്ള യൂ.ആർ.എൽ ആയ http://ml.wikipedia.org/ ലേക്ക് മാറ്റാനും അത് സജീവമാക്കാനുമുള്ള പ്രയത്നങ്ങൾക്കും തുടക്കമിട്ടത്. പക്ഷേ അതിനു മുൻപ് പരീക്ഷണ വിക്കി രൂപത്തിലോ മറ്റോ മലയാളം വിക്കിപീഡിയ നിലനിന്നിരുന്നു എന്നു കാണുന്നുണ്ട്. പക്ഷെ സ്വന്തം ഡൊമൈൻ മലയാളത്തിന് ഉണ്ടായിരുന്നില്ല. മാത്രമല്ല വിക്കി സമൂഹവും ഇല്ലായിരുന്നു. 2002 ഡിസംബർ 21 തൊട്ടാണ് ഇപ്പോഴുള്ള വെബ്ബ് വിലാസത്തിൽ മലയാളം വിക്കിപീഡിയ ആരംഭിച്ചത്. അതിനാൽ ഔദ്യോഗികമായി മലയാളം വിക്കിപീഡിയ ആരംഭിച്ചത് 2002 ഡിസംബർ 21 ന് എന്ന് പറയാം. http://ml.wikipedia.org/ എന്ന വിലാസത്തിലെക്ക് മാറിയ ശേഷം രണ്ട് വർഷത്തോളം മലയാളം വിക്കിപീഡിയയെ സജീവമായി നിലനിർത്താൻ പ്രയത്നിച്ചത് വിനോദ് ആയിരുന്നു. കുറേ കാലത്തോളം അദ്ദേഹം ഒറ്റയ്ക്കായിരുന്നു ഇതിന്റെ പ്രവർത്തനങ്ങൾ ചെയ്തിരുന്നത്. വിവിധ മലയാളി ഓൺ‌ലൈൻ ഗ്രൂപ്പുകളിലും, ചർച്ചാവേദികളിലും മലയാളം ശരിയായി വായിക്കാനും എഴുതാനുമുള്ള സഹായങ്ങൾ അന്വേഷിച്ച് അദ്ദേഹം എഴുതിയ കുറിപ്പുകൾ കാണുന്നുണ്ട്. മലയാളം വിക്കിപീഡിയയുടെ ആരംഭകാലത്ത് ഉണ്ടായിരുന്ന അംഗങ്ങളെല്ലാം വിദേശ മലയാളികളായിരുന്നു.



പക്ഷേ ഒന്നോ രണ്ടോ പേർ ചേർന്ന് ഇത്രയും ബൃഹത്തായ ഒരു പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നത് അസാദ്ധ്യം ആയതിനാൽ മലയാളം വിക്കിപീഡിയയുടെ തുടക്കം വളരെ മന്ദഗതിയിലായിരുന്നു. 2002-ൽ തുടങ്ങിയിട്ടും 2006 വരെ മലയാളം വിക്കിയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. 2004 മധ്യത്തോടെ മലയാളം യുണിക്കോഡ് എഴുത്തു സാമഗ്രികൾ സജീവമായിത്തുടങ്ങിയിരുന്നു. ബ്ലോഗുകളിലും മറ്റും പ്രചരിച്ച ഇത്തരം ടൈപ്പിങ്ങ് ഉപകരണങ്ങളുടെ സഹായത്തോടെ ഏതാനും പേർ വിക്കിപീഡിയയിലും സ്ഥിരമായി എഴുതിത്തുടങ്ങി. മറ്റെല്ലാ വിക്കികളിലേയുംപോലെ മലയാളത്തിലും ഇക്കാലത്ത് ചെറിയ ലേഖനങ്ങളായിരുന്നു അധികവും. അവ മൊത്തത്തിൽ നൂറെണ്ണം പോലും തികഞ്ഞിരുന്നുമില്ല. 2004 ഡിസംബറിലാണ് മലയാളം വിക്കിയിൽ നൂറു ലേഖനങ്ങൾ തികയുന്നത്. 2005 മധ്യത്തോടെ പിന്നെയും പുതിയ അംഗങ്ങൾ എത്തി. മലയാളം വിക്കിപീഡിയയുടെ മുഖ്യതാൾ അണിയിച്ചൊരുക്കപ്പെട്ടു. ലേഖനങ്ങൾ വിഷയാനുസൃതമായി ക്രമീകരിച്ചു തുടങ്ങി. 2005 സെപ്റ്റംബറിൽ ആദ്യത്തെ സിസോപ്പിനെ ലഭിച്ചു. ഒരു മാസത്തിനുശേഷം ഇതേയാൾ ആദ്യത്തെ ബ്യൂറോക്രാറ്റുമായി. ഇതോടെ സാങ്കേതിക കാര്യങ്ങളിൽ മലയാളം വിക്കി ഏകദേശം സ്വയം പര്യാപ്തമായി.


മലയാളികൾക്ക് മലയാളത്തിൽ ടൈപ്പ് ചെയ്യാനുള്ള അജ്ഞത മൂലം മലയാളം വിക്കിപീഡിയയുടെ വളർച്ച ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയായിരുന്നു. 2006ലാണ് ഇതിനുമാറ്റം കണ്ടുതുടങ്ങിയത്. യൂണീക്കോഡ് മലയാളം ഉപയോഗിച്ച് കേരളത്തിലും മറുനാടുകളിലും ഉള്ള അനേകർ മലയാളത്തിൽ ബ്ലോഗു ചെയ്യുവാൻ തുടങ്ങി. ബ്ലോഗിങ്ങിലൂടെ മലയാളം ടൈപ്പിങ്ങ് അനായാസം പഠിച്ചെടുത്ത ഇവരിൽ പലരുടേയും ശ്രദ്ധ ക്രമേണ വിക്കിപീഡിയയിലേക്ക് തിരിഞ്ഞു. അങ്ങനെ ഏതാനും സജീവപ്രവർത്തകർ വിക്കിപീഡിയയിലെത്തിയതോടെ ലേഖനങ്ങളുടെ എണ്ണവും ഉള്ളടക്കത്തിന്റെ വൈവിധ്യവും മെച്ചപ്പെട്ടു. 2006 ഏപ്രിൽ 10ന് മലയാളം വിക്കിയിൽ അഞ്ഞൂറാമത്തെ ലേഖനം പിറന്നു. ലേഖനങ്ങളുടെ എണ്ണം അതേവർഷം സെപ്റ്റംബറിൽ 1000-വും, നവംബറിൽ 1500ഉം ആയി ഉയർന്നു. ഈ കുതിപ്പ് ഇപ്പോഴും തുടരുകയാണ്. 2007 ജനുവരി 15-നു ലേഖനങ്ങളുടെ എണ്ണം 2000-ഉം, ജൂൺ 30ന് 3000 ലേഖനങ്ങൾ എന്ന നാഴികക്കല്ലും മലയാളം വിക്കിപീഡിയ പിന്നിട്ടു .2002 ൽ പ്രവർത്തനം ആരംഭിച്ച മലയാളം വിക്കിയിൽ ഇന്ന് 46,818 ലേഖനങ്ങൾ ഉണ്ട്.


Post a Comment

0 Comments