നെടുമങ്ങാട്: ഹരിതകേരളം പദ്ധതിക്കു തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളജുകൾ, കൃഷിഭവനുകൾ എന്നിവിടങ്ങളിൽ വിപുലമായ പ്രവർത്തന പരിപാടികളോടെ ആവേശകരമായ തുടക്കം. ഹരിതകേരളം പദ്ധതിയുടെ താലൂക്ക്തല ഉദ്ഘാടനം നഗരസഭാപ്രദേശത്തെ തുമ്പോട് ക്ഷേത്രംവക കൃഷിയിടത്തു സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിച്ചു. സംസ്ഥാനത്ത് നെൽവയലുകൾ വ്യാപിപ്പിക്കുന്നതിനു ഹരിതകേരളം പദ്ധതിയിൽ പ്രത്യേകം ഊന്നൽനൽകി ഇന്നുള്ള ഒരുലക്ഷം ഹെക്ടർ നെൽകൃഷിയിടം പത്തുലക്ഷം ഹെക്ടറാക്കി മാറ്റാനാണ് ഉദ്ദേശ്യമെന്നു മന്ത്രി അറിയിച്ചു. നമ്മുടെ മണ്ണ് ശുദ്ധീകരിക്കലിനു പ്രാമുഖ്യം നൽകി അവിടെ പുതിയ വിളകൾ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണു ഹരിതകേരളം പദ്ധതി ആരംഭിച്ചിരിക്കുന്നത്. അനധികൃതമായിട്ടുള്ള മണ്ണിടിക്കൽ തടയുന്നതിനോടൊപ്പം പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ വേണ്ടി എല്ലാ സ്ഥാപനങ്ങൾക്കും നിർദേശം നൽകുകയും വ്യാപകമായ ബോധവൽക്കരണം സംഘടിപ്പിക്കുകയും ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നിതു പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുമെന്നു മന്ത്രി അറിയിച്ചു.
ക്ഷേത്രവളപ്പിൽ സംഘടിപ്പിച്ച ഉദ്ഘാടനച്ചടങ്ങിൽ സി.ദിവാകരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഡി.കെ.മുരളി എംഎൽഎ, നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു, നഗരസഭാ വൈസ് ചെയർമാൻ ലേഖവിക്രമൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ആർ.മധു, ഹരികേശൻ നായർ, ടി.ആർ.സുരേഷ്കുമാർ, നഗരസഭാ പ്രതിപക്ഷ നേതാവ് ടി.അർജുനൻ, വിവിധ കക്ഷിനേതാക്കളായ ആർ.ജയദേവൻ, നെട്ടറച്ചിറ ജയൻ, പൂവത്തൂർ ജയൻ, പാട്ടത്തിൽ ഷെരീഫ്, എസ്.എസ്.ബിജു എന്നിവർ പ്രസംഗിച്ചു. നെടുമങ്ങാട് നഗരസഭ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾക്ക് ഇന്നലെ തുടക്കം കുറിച്ചു. തുമ്പോട് ക്ഷേത്രപരിസരത്തെ കൃഷിയിടത്തിൽ കൃഷി ഇറക്കിക്കൊണ്ടായിരുന്നു നഗരസഭയുടെ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്. കിണർ റീചാർജിങ് പദ്ധതി, ശുചിത്വ മാലിന്യ സംസ്കരണ പരിപാടി, പ്ലാസ്റ്റിക് നിർമാർജനം, കുറഞ്ഞ ചെലവിൽ കർഷകരുടെ പ്രവൃത്തികൾ നിർവഹിച്ചു കൊടുക്കുന്നതിനായി നഗരസഭ രൂപീകരിച്ച കാർഷിക കർമസേനയുടെ പരിശീലനം തുടങ്ങിയവയ്ക്ക് ഇന്നലെ തുടക്കംകുറിച്ചു. ഹരിതകേരളം മിഷൻ പദ്ധതിയുടെ ഭാഗമായി ആനാട് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് കർഷകർക്കു പച്ചക്കറിത്തൈകൾ നൽകി നിർവഹിച്ചു.
നെടുമങ്ങാട് ഗവ. പോളിടെക്നിക്കൽ കോളജ് യൂണിറ്റ് ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ക്യാംപസിൽ പ്ലാസ്റ്റിക് നിർമാർജനവും പച്ചക്കറി കൃഷിക്കു തുടക്കം കുറിക്കുകയും ചെയ്തു. പ്രിൻസിപ്പൽ സിറിയക് ജോസാണ് ഉദ്ഘാടക കർമം നിർവഹിച്ചത്. ആനാട് മോഹൻദാസ് കോളജ് ഓഫ് എൻജിനീയറിങ് എൻഎസ്എസ് യൂണിറ്റ് ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പ്രത്യേക ബോധവൽക്കരണം പരിപാടി സംഘടിപ്പിക്കുകയും എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ഓർഗാനിക് ഗാർഡനിൽ നിന്നു ചീരത്തണ്ടുകൾ പറിച്ച് ആദ്യവിളവെടുപ്പ് ഉദ്ഘാടനം നടത്തുകയും ചെയ്തു. കോളജ് ഡയറക്ടർ ഡോ. ആശാലത തമ്പുരാൻ, പ്രിൻസിപ്പൽ ഡോ. ഷീല എന്നിവർക്ക് സ്റ്റുഡന്റ് കൗൺസിലറായ ബെല്ല ചീരത്തണ്ടുകൾ നൽകിയായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. പൂവത്തൂർ ഗവ. എച്ച്എസ്എസിൽ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത മന്ത്രി വി.എസ്.സുനിൽകുമാർ വിദ്യാലയങ്ങളിലെ ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തുകയും പ്രോട്ടോകോൾ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ഈ സ്കൂളിൽ ജലസ്രോതസ്സ് വൃത്തിയാക്കുന്നതിനും സ്കൂൾ പരിസരം ഹരിതാഭമാക്കുന്നതിനും പ്ലാസ്റ്റിക് നിർമാർജനം ചെയ്യുന്നതിനും ജൈവ പച്ചക്കറി കൃഷി ഇറക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്കു രൂപംനൽകുകയും ചെയ്തു.
വെള്ളൂർക്കോണം ഗവ. എൽപിഎസിൽ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച വിവിധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് എ.സുധീർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് എസ്.ഗീതാകുമാരി പദ്ധതി വിശദീകരിച്ചു. പനവൂർ പിച്ച്എംകെഎംവിഎച്ച്എസ്എസിലെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി.കിഷോറാണ് നിർവഹിച്ചത്. നെടുമങ്ങാട് ഗവ. ഗേൾസ് എച്ച്എസ്എസിൽ ഹരിതകേരളം മിഷന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടം, പരിസ്ഥിതി പ്രതിജ്ഞ, വിവിധ വിളകളുടെ നടീൽ, കാർഷിക സെമിനാർ എന്നിവയും നടന്നു. നഗരസഭ 17–ാം വാർഡിലെ ഹരിതകേരളം മിഷൻ പദ്ധതിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ വട്ടപ്പാറ ചന്ദ്രൻ ശുചീകരണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ട് നിർവഹിച്ചു. കച്ചേരി വാർഡിലെ ഹരിതകേരള മിഷൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കുന്നിലത്തെ ചിറയുടെ വൃത്തിയാക്കൽ തുടക്കം കുറിച്ച് വാർഡ് കൗൺസിലർ ടി.അർജുനൻ നിർവഹിച്ചു.
ഫോട്ടോസ് : വിഷ്ണു











0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.