നെടുമങ്ങാട്: കോൺഗ്രസ്‌മുക്ത ഭാരതം എന്നത് അംഗീകരിക്കാൻ കഴിയുന്ന മുദ്രാവാക്യമല്ലെന്നു മുൻ മന്ത്രി കെ.ശങ്കരനാരായണപിള്ള അഭിപ്രായപ്പെട്ടു. കോൺഗ്രസ് ഒരു ദേശീയ– മതേതര കക്ഷിയായതുകൊണ്ടു തന്നെ കോൺഗ്രസ്‌മുക്ത ഭാരതം എന്ന മുദ്രാവാക്യത്തിനു പ്രസക്തിയില്ലെന്നും, നരേന്ദ്ര മോദി നടപ്പിലാക്കുന്നത് ആർഎസ്എസ് അജൻഡയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാജ്പേയി അധികാരത്തിൽ വന്നതു ഹിന്ദുത്വ അജൻഡയുടെ ഭാഗമായാണെങ്കിലും വലിയ വർഗീയവിവാദങ്ങൾ സൃഷ്ടിക്കാതെയാണ് അദ്ദേഹം ശ്രദ്ധാപൂർവം മുന്നോട്ടുപോയത്. എന്നാൽ ഇന്നത്തെ സാഹചര്യം അതല്ല.
കടുത്ത വർഗീയതയിലേക്കാണു രാജ്യത്തെ നയിക്കുന്നതെന്നും അതുകൊണ്ട് എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയുന്നതു കോൺഗ്രസിനെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവും മുൻ ഡിസിസി സെക്രട്ടറിയും പ്രമുഖ അഭിഭാഷകനുമായിരുന്ന കാരേറ്റ് ബി. ഹരിദാസിന്റെ ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹേം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നെട്ടറച്ചിറ ജയൻ അധ്യക്ഷത വഹിച്ചു.
വിതുര ശശി, കോലിയക്കോട് മോഹൻകുമാർ, ആനാട് ജയൻ, എൻ. ബാജി, ആനാട് ജയചന്ദ്രൻ, മന്നൂർക്കോണം സത്യൻ, ടി.അർജുനൻ, കെ. നാഗപ്പൻ നായർ, കരിപ്പൂര് സുരേഷ്, സി.രാധാകൃഷ്ണൻ നായർ, പി.കൃഷ്ണൻ നായർ, ലാൽ വെള്ളാഞ്ചിറ എന്നിവർ പ്രസംഗിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ ഡപ്യൂട്ടി സ്പീക്കർ പാലോട് രവി, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കെപിസിസി ജനറൽ സെക്രട്ടറി ശരത്ചന്ദ്രപ്രസാദ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായർ, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് ഇ. ഷംസുദ്ദീൻ എന്നിവരടക്കം ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളും സഹപ്രവർത്തകരും സുഹൃത്തുകളും ചരമവാർഷിക ദിനത്തിൽ കാരേറ്റ് ബി. ഹരിദാസിന്റെ വസതിയിൽ എത്തി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
പനവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരേറ്റ് ബി.ഹരിദാസിന്റെ സ്മരണാർഥം നെടുമങ്ങാട് ബാറിലെ മികച്ച അഭിഭാഷകന് ഓരോ വർഷവും കാരേറ്റ് ബി.ഹരിദാസ് സ്മാരക അവാർഡ് സമ്മാനിക്കുമെന്നു മണ്ഡലം പ്രസിഡന്റ് ലാൽ വെള്ളാഞ്ചിറ അറിയിച്ചു. പ്രശസ്തിപത്രവും 5001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഓരോ വർഷവും ചരമവാർഷിക ദിനത്തിലാണ് അവാർഡ് സമ്മാനിക്കുക.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.