Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നാട് ക്രിസ്മസ് ആഘോഷ നിറവിൽ, ആരാധനയ്ക്കൊരുങ്ങി ദേവാലയങ്ങൾ

പാലോട്: സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതി നാട് ക്രിസ്മസ് ആഘോഷത്തിലമർന്നു. എങ്ങും കൺചിമ്മുന്ന നക്ഷത്ര പ്രഭയാണ്. പുൽക്കൂടുകൾ കാഴ്ചയ്ക്കു വിരുന്നായി. ക്രൈസ്തവ ദേവാലയങ്ങൾ ഇന്നത്തെ പാതിരാ കുർബാനയ്ക്കും, ക്രിസ്മസ് ഈവ് ആരാധനയ്ക്കും നാളെ പുലർച്ചെയുള്ള ക്രിസ്മസ് ആരാധനയ്ക്കും ഒരുങ്ങി. പാലോട് സെന്റ് ജോർജ് ദേവാലയത്തിലും പാലുവള്ളി സെന്റ് മേരീസ് ദേവാലയത്തിലും ഇടിഞ്ഞാർ റോമൻ കത്തോലിക്കാ ദേവാലയത്തിലും ഫാദർ ജറോം സത്യൻ പാതിര കുർബാനയ്ക്കു കാർമികത്വം വഹിക്കും. 

പ്രസ്തുത ദേവാലയങ്ങളെല്ലാം ദീപപ്രഭയിലും പുൽക്കൂട് അലങ്കാരങ്ങളാലും മുങ്ങിനിൽക്കുന്നു. പെരിങ്ങമ്മല കൊച്ചുവിള സെന്റ് മേരീസ് ചർച്ചിൽ ഫാദർ ടോബിയും, കുറുപുഴ റോമൻ കത്തോലിക്കാ ദേവാലയത്തിൽ‍ ഫാദർ ആന്റണി സോണി പനയ്ക്കലും ക്രിസ്മസ് ആരാധനയ്ക്കു കാർമികത്വം വഹിക്കും. നക്ഷത്ര, ദീപ അലങ്കാരങ്ങളുടെ പ്രഭയിലാണു ദേവാലയങ്ങൾ. പാലോട് കുന്നുംപുറം സെന്റ് ജോസഫ് മലങ്കര ദേവാലയത്തിൽ ഇന്നു രാത്രി ഒൻപതുമുതൽ ആരാധന ആരംഭിക്കും. കുർബാനയ്ക്ക് ഫാദർ ആന്റണി മരിയാഭവൻ കാർമികത്വം വഹിക്കും. 

ഇടിഞ്ഞാർ സിഎസ്ഐ ചർച്ചിൽ പാസ്റ്റർ ഹിസ്തിയാജും ഇടിഞ്ഞാർ ലൂദറിൻ ചർച്ചിൽ പാസ്റ്റർ മനു പ്രസാദും ക്രിസ്മസ് ആരാധനയ്ക്കു കാർമികത്വം വഹിക്കും. ന്യൂ പേരയം സിഎസ്ഐ ചർച്ചിൽ ഇന്ന് ഏഴു മണിക്ക് ക്രിസ്മസ് ഈവ് ആരാധന, സംഗീത സന്ധ്യ എന്നിവ നടക്കും. സഭാ ശുശ്രൂഷകൻ സുനിൽ കാർമികത്വം വഹിക്കും. പാലോട് എസ്ഐ രാഹുൽ രവീന്ദ്രൻ ക്രിസ്മസ് സന്ദേശം നൽകും. നാളെ പുലർച്ചെ അഞ്ചിന് ക്രിസ്മസ് ആരാധനയും തുടർന്നു നാലു ദിവസം വിനോദയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. പേരയം സിസ്ട്രിക്ട് സിഎസ്ഐ ചർച്ചിൽ ക്രിസ്മസ് ആരാധനയ്ക്കു സഭാ ശുശ്രൂഷകൻ ഷൈജു വർഗീസ് കാർമികത്വം വഹിക്കും. പുൽക്കൂട് പ്രദർശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

കുരുവിലാംഞ്ചാൽ സിഎസ്ഐ ചർച്ചിൽ ഇന്നു വൈകുന്നേരം ഏഴിന് ഈവ് ആരാധനയും തിരുമുൽക്കാഴ്ച സമർപ്പണവും ക്രിസ്മസ് കിറ്റ് വിതരണം, എന്നിവ നടക്കും. സഭാ ശുശ്രൂഷകൻ ഷൈജു വർഗീസ് കാർമികത്വം വഹിക്കും. നാളെ രാവിലെ 7.30നു വിശുദ്ധ ആരാധന, മിഷനറി പ്രവർത്തനങ്ങൾക്കായി സ്തോത്രാർപ്പണവും നടക്കും. ഇളവട്ടം സിഎസ്ഐ ദേവാലയത്തിൽ ഇന്നു വൈകുന്നേരത്തെ ക്രിസ്മസ് ആരാധനയ്ക്കു റവ. പി.ചന്ദ്രൻ കാർമികത്വം വഹിക്കും. നാളെ രാവിലെ ക്രിസ്മസ് ആരാധനയും വൈകുന്നേരം ടാലന്റ് നൈറ്റും നടക്കും. നന്ദിയോട് കുരുവിലാംഞ്ചാൽ തോട്ടുംപുറം സാൽവേഷൻ ആർമി ചർച്ചിൽ ഇന്നു വൈകുന്നേരം ഏഴിന് ക്രിസ്മസ് ആഘോഷം നടക്കും. മേജർ ഡി. ജോൺ സന്ദേശം നൽകും. കുടുംബ കാരൾ മൽസരം, ക്രിസ്മസ് ട്രീ, വയോധികരെ ആദരിക്കൽ, ക്രിസ്മസ് സമ്മാന വിതരണം, സ്നേഹ വിരുന്ന്, ചാരിറ്റി ഫണ്ട് സ്വരൂപിക്കൽ എന്നിവ നടക്കും.


Post a Comment

0 Comments