Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സ്കൂട്ടറിൽ ബസിടിച്ചു പത്തുവയസ്സുകാരൻ ബസിനടിയിൽപ്പെട്ടു മരിച്ചു

വെഞ്ഞാറമൂട്: മാതാവും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ബസിടിച്ചു മാതാവിന്റെ മുന്നിൽ പത്തുവയസ്സുകാരൻ ബസിനടിയിൽപ്പെട്ടു മരിച്ചു. വാളക്കാട് ക്രൈസ്റ്റ് നഗർ സ്കൂൾ നാലാംക്ലാസ് വിദ്യാർഥി വെഞ്ഞാറമൂട് വയ്യേറ്റ് കൊക്കോട്ടുകോണം കെകെ ഹൗസിൽ സാബു–രജിമോൾ ദമ്പതികളുടെ മകൻ ആസിം(10)ആണു മരിച്ചത്. സംസ്ഥാന പാതയിൽ തൈക്കാട് വളവിൽ ഞായർ രാവിലെ 6.15നാണ് അപകടം. 
പിരപ്പൻകോട് അന്തർദേശീയ നീന്തൽ സമുച്ചയത്തിലേക്കു മകനെ നീന്തൽ പരിശീലനത്തിന് എത്തിക്കാനായി മാതാവ് സ്കൂട്ടറിൽ കൊണ്ടുപോകുകയായിരുന്നു. വളവിൽ വച്ചു പിന്നാലെ വന്ന ശബരിമല തീർഥാടകർ സ‍ഞ്ചരിച്ചിരുന്ന ആന്ധ്രാപ്രദേശ് ബസ് സ്കൂട്ടറിൽ ഇടിക്കുകയും നിയന്ത്രണം വിട്ട സ്കൂട്ടറും മാതാവും റോഡിന്റെ വശത്തേക്കും സ്കൂട്ടറിൽ നിന്നും തെറിച്ച കുട്ടി ബസിനടിയിലേക്കും വീഴുകയായിരുന്നു. തറയിൽ വീണ മാതാവ് എഴുന്നേൽക്കുന്നതിനു മുൻപ് തന്നെ കുട്ടിയുടെ ദേഹത്തിൽ ബസിന്റെ പിൻചക്രം കയറിയിറങ്ങി മരണം തൽക്ഷണം സംഭവിച്ചിരുന്നു. 
നാട്ടുകാർ വളരെയധികം പണിപ്പെട്ടാണു മാതാവിനെ സംഭവസ്ഥലത്തു നിന്നും മാറ്റി ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. ദാരുണ അന്ത്യം കണ്ട നാട്ടുകാരും വാവിട്ടു പൊട്ടിക്കരഞ്ഞു. വെഞ്ഞാറമൂട് പൊലീസ് എത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. വൈകിട്ടോടെ വെഞ്ഞാറമൂട്ടിലെത്തിച്ചു മാണിക്കൽ മുസ്‌ലിം ജമാഅത്തിൽ കബറടക്കം നടത്തി. സഹോദരൻ അമീൻ. സംഭവമറിഞ്ഞു ഗൾഫിലായിരുന്ന സാബു ഇന്നലെ നാട്ടിലെത്തിയിട്ടുണ്ട്. ബസ് ഡ്രൈവറെ സംഭവദിവസം തന്നെ വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു.




Post a Comment

0 Comments