Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പണിപൂർത്തിയാക്കിയ 11 വീടുകളുടെ താക്കോൽദാനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചു

നെടുമങ്ങാട്: ഭനവരഹിതരായ സാധുക്കൾക്ക് ഒരുഭവനം പദ്ധതി എന്ന പേരിൽ നെടുമങ്ങാട് സമന്വയ ചാരിറ്റബിൾ സൊസൈറ്റി പണിപൂർത്തിയാക്കിയ 11 വീടുകളുടെ താക്കോൽദാനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചു. വീടില്ലാത്ത കുടുംബങ്ങളുടെ വേദന അവരുടേതു മാത്രമല്ല. അതു സമൂഹത്തിന്റെ ആകെ വേദനയാണെന്ന് ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു. ഈ യാഥാർഥ്യം മനസ്സിലാക്കി അവരെ എങ്ങനെ സഹായിക്കാമെന്നാണു സമൂഹം അലോചിക്കേണ്ടത്.

നമ്മൾ അവകാശപ്പെടുന്ന പുരോഗതി നേടണമെങ്കിൽ എല്ലാപേർക്കും കിടപ്പാടം ഉണ്ടാകണം. ഇതിനുവേണ്ടി നമ്മുടെ പരിമിതികൾക്കിടയിൽ നിന്നുകൊണ്ടു നമുക്കുചെയ്യാൻ കഴിയുന്ന സഹായങ്ങൾ ചെയ്യാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. 

കോഴിക്കോട്ട് ഒരു ചടങ്ങിൽ പങ്കെടുത്ത് ഇറങ്ങവേ ശിവാനിയെന്ന ഒരു യുകെജി വിദ്യാർഥിനി ഉമ്മൻചാണ്ടിയെന്നു നീട്ടിവിളിച്ച്, തന്റെ സഹപാഠിയും നിർധന കുടുംബാഗവും രോഗികളായ മാതാപിതാക്കളുടെ മകനുമായ അമൽകൃഷ്ണയ്ക്കു വീടില്ലെന്നു പറഞ്ഞ് സഹായം അഭ്യർഥിച്ചതു നമുക്ക് പാഠമാകണം. 

ഉമ്മൻചാണ്ടി തുടർന്നു. വീടില്ലാത്ത കുടുംബത്തിന്റെ ദുഃഖവും അവരുടെ കുടുംബ പശ്ചാത്തലവും സമൂഹമധ്യത്തിൽ കൊണ്ടുവരാനും അതുവഴി മറ്റുള്ളവരുടെ സഹായം ലഭ്യമാക്കാനും ആ പിഞ്ചുകുഞ്ഞു കാട്ടിയ മാതൃക നമുക്കു പ്രേരണയും പ്രചോദനവുമാകണം. അമൽകൃഷ്ണയ്ക്കു താനോ മറ്റുള്ളവരോ എന്തെങ്കിലും സഹായം ചെയ്തുവെന്നതല്ല മഹാകാര്യം, മറിച്ചു സഹപാഠിയുടെ ദുഃഖം മനസ്സിലാക്കി സമൂഹത്തിനെ അറിയിക്കാൻ തയാറായ ശിവാനി ചെയ്തതാണു മഹാകാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സഹപാഠിയുടെ വേദന ശിവാനിയിലൂടെ പുറത്തുവന്നപ്പോൾ സമൂഹമധ്യത്തിൽ നിന്നും ലഭിച്ച സഹായം ഇന്ന് ആ കുടുംബത്തിനു നല്ലൊരു വീട് ലഭ്യമാക്കാൻ ഇടയാക്കിയെന്നും അദ്ദേഹം വിശദീകരിച്ചു. നെടുമങ്ങാട് ധനലക്ഷ്മി ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ സമന്വയ പ്രസിഡന്റ് ടി.എസ്.വിജയകുമാർ അധ്യക്ഷത വഹിച്ചു. 

ഭവന നിർമാണ ബോർഡിന്റെ ഗൃഹശ്രീ പദ്ധതിയുമായി ബന്ധപ്പെടുത്തിയും മറ്റു സഹായങ്ങളും സ്വരൂപിച്ചും സമന്വയയുടെ നേതൃത്വത്തിൽ പണി പൂർത്തിയാക്കിയ 11 വീടുകളുടെയും താക്കോലുകൾ ഗുണഭോക്താക്കൾക്കു ചടങ്ങിൽ ഉമ്മൻചാണ്ടി വിതരണം ചെയ്തു. 

മുൻ എംഎൽഎയും റിട്ട: പ്രിൻസിപ്പലുമായ പ്രഫ. നബീസാ ഉമ്മാൾ, മുൻ ഡപ്യൂട്ടി സ്പീക്കർ പാലോട് രവി, ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, ഒഐസിസി ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി എം.എ.റഹീം, ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ, സമന്വയ ഭാരവാഹികളായ നെട്ടറച്ചിറ ജയൻ, പി.സുകുമാരപിള്ള, സി.ശ്രീധരൻപിള്ള എന്നിവർ പ്രസംഗിച്ചു. 

മുതിർന്ന പൊതുപ്രവർത്തകനും കബിർദാസ് പുരസ്കാര ജേതാവ് ജെ.എ.റഷീദിനെ ഉമ്മൻചാണ്ടി പൊന്നാടയണിക്കുകയും നീന്തലിൽ ദേശിയതലത്തിൽ സ്വർണമെഡൽ നേടിയ വട്ടപ്പാറ ലൂദ് മൗണ്ട് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥി അഭിജിത്തിന് ഉപഹാരവും മുൻ മുഖ്യമന്ത്രി സമ്മാനിച്ചു.

Post a Comment

0 Comments