Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മിനിബസ് നിയന്ത്രണം വിട്ടു മറിഞ്ഞു ബസിലെ ക്ലീനറടക്കം 25 പേർക്ക് പരുക്ക്

വേങ്കവിള: ക്ഷേത്രദർശനത്തിനു പോയി മടങ്ങിയവർ സഞ്ചരിച്ചിരുന്ന മിനിബസ് നിയന്ത്രണം വിട്ടു മറിഞ്ഞു ബസിലെ ക്ലീനറടക്കം 25 പേർക്ക് പരുക്ക്. വെള്ളനാട്, വെളിയന്നൂർ സ്വദേശികളാണ് പരുക്കേറ്റവർ. സാരമായി പരുക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ക്ലീനറും ഡ്രൈവറും ഒഴികെയുള്ളവർ സ്ത്രീകളായിരുന്നു.

കൊല്ലം പള്ളിമുക്ക് കൂനമ്പായിക്കുളം ദേവീക്ഷേത്രത്തിൽ ദർശനവും കാര്യസിദ്ധി പൂജയിലും അന്നദാനത്തിനും പങ്കെടുത്ത ശേഷം ഇവർ മടങ്ങവേ വെമ്പായം നെടുമങ്ങാട് റോഡിൽ വേങ്കവിള പ്ലാവറ വളവിലാണ് ഇന്നലെ വൈകുന്നേരം മൂന്നര മണിയോടെ നിയന്ത്രണം വിട്ടു മിനിബസ് സമീപത്തെ മതിലിൽ ഇടിച്ചു മറിഞ്ഞത്. മിനിബസിന്റെ ആക്സിൽ ഒടിഞ്ഞു നിയന്ത്രണം വിട്ടു സമീപത്തെ വീടിന്റെ കരിങ്കൽ മതിൽ ഇടിച്ചു തകർത്ത് ഒരു വശത്തേക്കു മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ബസിന്റെ ഗ്ലാസുകൾ തകർത്താണു പരുക്കേറ്റവരെ പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലെത്തിച്ചത്.

സാരമായി പരുക്കേറ്റ മിനിബസിലെ ക്ലീനർ വിനീഷ് (37), രമാദേവി(63) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലുമാണു പ്രവേശിപ്പിച്ചിരിക്കുന്നത്. രാധ(57), ഓമനയമ്മ(46), അജിത(40), സരസ്വതി(54), മായാകുമാരി (55), തുളസി(55), മഹേശ്വരി(42), ഇന്ദിര (59), ബിന്ദു(41), യശോദ(54), ശ്യാമളകുമാരി(61), ലീല(60), അംബിക(54), പത്മിനി(54), ബിന്ദു(39), വൽസല(56), രമാദേവി(50), പ്രേമകുമാരി(61), പ്രസന്നകുമാരി(68), വസന്തകുമാരി(60), ശ്രീലത(42), ശാഖി(43), ഷൈലജ(50) എന്നിവരെയാണു ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരുക്കേറ്റ് ജില്ലാ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവരെ സി.ദിവാകരൻ എംഎൽഎ സന്ദർശിച്ചു.


Post a Comment

0 Comments