നെടുമങ്ങാട്: സിനിമാലോകത്തു പ്രശസ്തനായ ആർ.കെ. ലാബ് ശങ്കരൻകുട്ടി എന്ന എസ്. ശങ്കരൻകുട്ടി ഓർമയായി. അരനൂറ്റാണ്ട് നിർമാതാവും പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവും ഒക്കെയായിരുന്നെങ്കിലും സിനിമാലോകത്തെ പ്രശസ്തി അദ്ദേഹത്തിനു പുറംലോകത്തു കിരീടമായില്ല. ലാബ് അസിസ്റ്റന്റായി സിനിമാലോകത്തേക്കു 18–ാം വയസ്സിൽ കടന്നുവന്നതു തൊട്ടുള്ള ദീർഘകാലത്തെ ചലച്ചിത്രജീവിതവും ആ മേഖലയ്ക്കു പുറത്ത് അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.
ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഓളവും തീരവും എന്നിവയുടേതടക്കം അൻപതിലേറെ സിനിമകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു. ഒട്ടേറെ സിനിമകളിൽ സഹപ്രൊഡ്യൂസറും. പി.എൻ. മേനോൻ സംവിധായകനായ കഥ, കഥ കാരണവർ എന്ന ദൂരദർശനിൽ വന്ന മുഴുനീള സീരിയലിന്റെ നിർമാതാവുമായിരുന്നു ഇദ്ദേഹം. ആദ്യമായി നിർമിച്ചതു കെ.പി. കുമാരൻ സംവിധാനം ചെയ്ത നിർവൃതി എന്ന സിനിമ.
1988ൽ മമ്മൂട്ടി നായകനായി മറ്റൊരാൾ എന്ന സിനിമ രണ്ടാമത്തെ ചിത്രം. കെ.ജി. ജോർജ്, പി.എൻ. മേനോൻ, കെ.പി. കുമാരൻ, രഞ്ജിത് എന്നിവരുടെ സിനിമകളിൽ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായും പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമി നിലവിൽവന്നതിനു ശേഷം പഴയ സിനിമകളുടെ നെഗറ്റീവ് പ്രിന്റ് കണ്ടുപിടിക്കുക, അവയെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുക തുടങ്ങിയ ഗവേഷണ ജോലികളിൽ സജീവമായി.
അടുത്ത മാസം നടക്കുന്ന ചലച്ചിത്രമേളയ്ക്കു സജീവമായി പ്രവർത്തനത്തിലുണ്ടായിരുന്നു. കേരള ഫിലിം ക്രിട്ടിക്സിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അടക്കമുള്ള പുരസ്കാരങ്ങളും ലഭിച്ചു. സ്കൂൾഫൈനൽ കഴിഞ്ഞു മദ്രാസിലെത്തി എഗ്‌മൂർ സ്റ്റേഷനിൽ നിർമാണത്തൊഴിലാളിയായിരിക്കെ വിജയവാഹിനി സ്റ്റുഡിയോയിൽ ചെന്നുപെട്ടു. അവിടെ ലാബ് അസിസ്റ്റന്റായിട്ടായിരുന്നു തുടക്കം. പിന്നീടു സിനിമ തന്നെയായി ജീവിതം.
രണ്ടു വർഷത്തിലേറെയായി കഴക്കൂട്ടം മേനംകുളം ബ്ലൂവേ ഹിൽസിലായിരുന്നു. തലസ്ഥാന നഗരിയിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. മൃതദേഹം നെടുമങ്ങാട് പതിനൊന്നാംകല്ല് കുറക്കോട്ടുള്ള കുടുംബവീട്ടിലും കലാഭവനിലും പൊതുദർശനത്തിനു വച്ചശേഷം ശാന്തികവാടത്തിൽ സംസ്കരിച്ചു.
ചിതാഭസ്മ നിമജ്ജനം തിങ്കളാഴ്ച. നെടുമങ്ങാട് പതിനൊന്നാം കല്ല് കുറക്കോട്ട് പരേതരായ എൻ. ശങ്കർലിംഗം–ബി. ശാരദയമ്മ ദമ്പതികളുടെ മകനാണ്. റൂറൽ ഡവലപ്മെന്റ് വകുപ്പിലെ ഉദ്യോഗസ്ഥയായി വിരമിച്ച കെ. കലാമൂർത്തിയാണു ഭാര്യ. തിരുവനന്തപുരം ഇൻഫോസിസിൽ ആർക്കിടെക്ട് വിഷ്ണു, ടെക്നോപാർക്കിൽ ജോലിനോക്കുന്ന അഡ്വ. വൃന്ദ എന്നിവർ മക്കളാണ്. എൻജിനീയറായ സി.ദീപക്, എസ്.മായ എന്നിവർ മരുമക്കൾ.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.