പാലോട്: തെന്നൂർ വില്ലേജിലെ ചെറ്റച്ചൽ പൊട്ടൻചിറയിലെ സർക്കാർ ഭൂമിയിൽ 14 വർഷത്തിലേറെയായി കുടിൽ കെട്ടി നടക്കുന്ന ആദിവാസി സമരം തീരുമാനമാകാതെ നീളുന്നു. . സമരത്തിനു ശേഷം യുഡിഎഫും എൽഡിഎഫും മാറി ഭരിച്ചെങ്കിലും ഒന്നും നടന്നില്ല. എന്നാൽ സമരത്തിനു നേതൃത്വം നൽകിയവർ വീണ്ടും അധികാരത്തിലെത്തിയതോടെ ഇപ്പോഴെങ്കിലും എല്ലാം ശരിയാകുമെന്ന പ്രതീക്ഷയാണ് ഇവിടെ കഴിയുന്ന പട്ടിണിപ്പാവങ്ങളായ കാടിന്റെ മക്കൾക്ക്.
കഴിഞ്ഞ അഞ്ചു വർഷം റോഡരികിൽ പന്തലൊരുക്കി റിലേ സമരമായി കത്തിനിന്നിരുന്നുവെങ്കിൽ എൽഡിഎഫ് അധികാരത്തിലെത്തിയതോടെ സമരപ്പന്തൽ പോലും കാണാനില്ല.സിപിഎം നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ 2003 ഏപ്രിൽ 21നാണ് എ.കെ ആന്റണി മന്ത്രിസഭയുടെ അവസാന ഘട്ടത്തിൽ തെന്നൂർ വില്ലേജിൽപെട്ട 28 ഏക്കറോളം വരുന്ന ഭൂമിയിൽ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഇരച്ചുകയറി കുടിൽ കെട്ടി സമരം ആരംഭിച്ചത്. സമരക്കാർക്കെതിരെ പൊലീസ്,നിയമ നടപടികൾ വേണ്ടെന്ന മുഖ്യമന്ത്രി ആന്റണിയുടെ നിർദേശത്തെത്തുടർന്നു പൊലീസ് പിൻവാങ്ങി.
നൂറുകണക്കിന് ആദിവാസികൾ ഭൂമി കയ്യേറി കുടിൽ കെട്ടി അവകാശം സ്ഥാപിച്ചു. ഇതിൽ മുക്കാൽ ഭാഗവും അനർഹരായിരുന്നു. ഇതേ സമരം നടക്കുമ്പോൾ തന്നെ ആദിവാസികൾക്കു വേറെ ഭൂമി നൽകണമെന്നും പ്രസ്തുത ഭൂമി ഫാം വികസത്തിന് ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു ഫാം ജംക്‌ഷനിൽ നാട്ടുകാരുടെയും ജഴ്സി ഫാം തൊഴിലാളികളുടെയും നേതൃത്വത്തിൽ സമരം നടന്നു. എന്നാൽ ഇതേ ഭൂമി തന്നെ നൽകണമെന്നാണു സമരക്കാർ ആവശ്യപ്പെട്ടത്. അടുത്ത സർക്കാർ വരുമ്പോൾ ഭൂമി കിട്ടുമെന്ന പ്രചാരണം നേതാക്കൾ കൊഴുപ്പിച്ച് സമരം ആളിക്കത്തിച്ചു.
തുടർന്ന് അഞ്ചു വർഷം വിഎസിന്റെ നേതൃത്വത്തിൽ എൽഡിഎഫ് ഭരിച്ചെങ്കിലും ഒന്നും നടന്നില്ല.വകുപ്പുമന്ത്രി എ.കെ. ബാലൻ സമരഭൂമി സന്ദർശിച്ചു ഭൂമി വിതരണം ഉറപ്പുനൽകിയെങ്കിലും നടന്നില്ല. തുടർന്ന് യുഡിഎഫ് അധികാരത്തിലെത്തിയതോടെ ഭൂമിവിതരണം നടത്തണമെന്നാവശ്യപ്പെട്ടു വീണ്ടും സമരകാഹളം ഉയർന്നു. കഴിഞ്ഞ അഞ്ചു വർഷവും സമരം തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ സമരപ്പന്തൽ പോലും കാണാനില്ല. ഇവിടെ 33 കുടുംബങ്ങളാണു കുടിൽ കെട്ടി സ്ഥിരമായി കഴിയുന്നത്. കൂലിവേല ചെയ്തു ജീവിക്കുന്ന ഇവർ ഇതിനുള്ളിൽ വാഴ, മരച്ചീനി, അടക്കമുള്ളവ കൃഷി ചെയ്യുന്നുണ്ട്. അർഹരായവർക്കു ഭൂരേഖ ലഭിക്കാത്തതുമൂലം ട്രൈബൽ ഡിപ്പാർട്ട്മെന്റുകളുടേതടക്കമുള്ള ക്ഷേമ പ്രവർത്തനങ്ങളുടെ ഗുണഫലം ലഭിക്കുന്നില്ലെന്നു പറയുന്നു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.