Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

അപകടം നടന്നാൽ ശടേന്ന് ഫോൺ കോൾ വേണ്ടപ്പെട്ടവർക്കും ആംബുലൻസിനും

തിരുവനന്തപുരം: വാഹനം അപകടത്തിൽപ്പെട്ടാൽ പരുക്കേറ്റ് ഇനി മുതൽ വഴിയരികിൽ കിടക്കേണ്ടി വരില്ല. അപകടമുണ്ടാകുന്ന ആ നിമിഷം എസ്എംഎസ്, ഫോൺ കോൾ എന്നിവ വഴി വേണ്ടപ്പെട്ടവരേയും ആംബുലൻസ് സർവീസിനേയും വിവരം അറിയിക്കുന്ന ആക്സിഡന്റ് സ്മാർട്ട് അലർട്ട് പ്രോഗ്രാം (അസാപ്) സംവിധാനം റെഡി. പിആർഎസ് ആശുപത്രിയിലെ എമർജൻസി വിഭാഗം മേധാവി ഡോ: ഡാനിഷ് സലീം ആണ് അസാപ്പിനു രൂപം നൽകിയത്.

വാഹനത്തിന്റെ എൻജിനോട് ഘടിപ്പിക്കാവുന്ന ചെറിയ യന്ത്രമാണ് അസാപിന്റെ മുഖ്യ ഘടകം. ഇതിനെ ജിപിഎസ് വഴി വാഹനയുടമയുടെ മൊബൈൽ ഫോണുമായി ബന്ധിപ്പിക്കും. അപകടമുണ്ടായാൽ അറിയിക്കാനായി ഏതെങ്കിലും അഞ്ച് നമ്പരുകൾ മൊബൈലിൽ സൂക്ഷിക്കാം. അപകടമുണ്ടാകുന്ന നിമിഷം വിവരം ഈ അഞ്ചു നമ്പരുകളിലേക്കും അറിയിക്കുമെന്നാണ് സംവിധാനത്തിന്റെ മേൻമ. വാഹനയുടമ മൊബൈലിൽ രേഖപ്പെടുത്തിയിട്ടുള്ള ഫോൺ നമ്പരിന്റെ ഉടമ കോൾ കട്ട് ചെയ്യുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്താലും പേടിക്കേണ്ട. 

കോൾ സ്വീകരിക്കുന്നതു വരെ ബെൽ മുഴങ്ങിക്കൊണ്ടിരിക്കും. നേരത്തെ റിക്കോർഡ് ചെയ്തിട്ടുള്ള മെസേജ് ആണ് കോൾ സ്വീകരിക്കുമ്പോൾ ലഭിക്കുക. എസ്എംഎസ് വഴിയും അപകട വിവരം അറിയിക്കും. ദൂര സ്ഥലങ്ങളിൽ യാത്ര പോകുമ്പോൾ അവിടങ്ങളിലെ സുഹൃത്തുകളുടേയോ ആംബുലൻസ് സർവീസിന്റേയോ നമ്പരുകൾ മാറി രേഖപ്പെടുത്താനും സൗകര്യമുണ്ട്. ഇരുപതിനായിരത്തോളം രൂപയാണ് യന്ത്രത്തിന് ചെലവ് കണക്കാക്കുന്നത്. കണ്ടു പിടിത്തത്തിന് ഡാനിഷ് പേറ്റന്റ് നേടിയിട്ടുണ്ട്.

ഡോ: ഡാനിഷ് സലീമിന്റെ കണ്ടു പിടിത്തങ്ങളിൽ അവസാനത്തേതാണ് അസാപ്. മധുരയിൽ നടത്തിയ അന്താരാഷ്ട്ര എമർജൻസി ഡോക്‌ടർമാരുടെ സമ്മേളനത്തിൽ സംസ്ഥാനത്തു നിന്നുള്ള ഈ രംഗത്തെ മികച്ച ഡോക്ടറായി ഡാനിഷിനെ തിരഞ്ഞെടുത്തിട്ടുണ്ട്. പതിനായിരത്തിലേരെ സാധാരണക്കാരെ പ്രഥമ ശുശ്രൂഷ നൽകണ്ട വിധം പഠിപ്പിച്ചതും സംസ്ഥാനത്തെ ആദ്യ റയിൽവെ എമർജൻസി റൂം സജ്ജീകരിച്ചതും തെക്കൻ കേരളത്തിലെ ആദ്യ ബൈക്ക് ആംബുലൻസ് പുറത്തിറക്കിയതും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഡാനിഷിനെ അവാർഡിന് അർഹനാക്കിയത്.


Post a Comment

0 Comments