Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ആശുപത്രി സൂപ്രണ്ടിന്റെ പരാതിയെ തുടർന്നു കന്റീൻ പൂട്ടിച്ചു

നെടുമങ്ങാട്: വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുകയും ആഹാരത്തിൽ വിരലുറ, കറിയിൽ പഴുതാര എന്നിവ കണ്ടെത്തിയതടക്കമുള്ള പരാതികളെ തുടർന്നു മൂന്നാഴ്ച മുമ്പ് പൂട്ടിച്ച നെടുമങ്ങാട് ജില്ലാ ആശുപത്രി കന്റീൻ ഇന്നലെ ബലാൽക്കാരമായി തുറന്നു പ്രവർത്തിക്കാൻ നടത്തിയ ശ്രമം വിഫലമായി. ഇന്നലെ പൊടുന്നനെ ആശുപത്രി കന്റീനിൽ ബലാൽക്കാരമായി തുറന്നുകയറി പ്രവർത്തിക്കാൻ തുടങ്ങിയ വിവരം ശ്രദ്ധയിൽപെട്ട ആശുപത്രി സൂപ്രണ്ടിന്റെ പരാതിയെ തുടർന്നു നെടുമങ്ങാട് പൊലീസ് എത്തി തടയുകയും കന്റീൻ പൂട്ടിക്കുകയും ചെയ്തു. മൂന്നാഴ്ച മുൻപ് ആശുപത്രി കന്റീനിൽ നിന്നും രോഗികൾ വാങ്ങിയ പൊതിച്ചോറിൽ വെന്ത വിരലുറ കണ്ടെത്തിയതിനെ തുടർന്നു നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് അധികൃതർ കന്റീൻ പൂട്ടിച്ചത്. 

വൃത്തിഹീനമായ അവസ്ഥയിലാണ് ഇവിടെ ആഹാരം പാകം ചെയ്യുന്നതെന്നു നഗരസഭ ആരോഗ്യവിഭാഗം പരിശോധനയിൽ കണ്ടെത്തിയിരുന്നു. നഗരസഭയുടെ കീഴിലുള്ള കുടുംബശ്രീ പ്രവർത്തകരാണ് കന്റീൻ നടത്തിയിരുന്നത്. മുൻപും ഈ കന്റീനിൽ നിന്നും ലഭിച്ച ആഹാരസാധനങ്ങളിൽ പഴുതാരയടക്കമുള്ളവ കണ്ടെത്തിയതിനെ തുടർന്നു നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തുകയും ഏതാനും ദിവസം കന്റീൻ പൂട്ടിക്കുകയും പിന്നീട് താക്കീത് നൽകി വീണ്ടും തുറന്നു പ്രവർത്തിക്കാൻ അവസരം നൽകുകയും ചെയ്തിരുന്നു. 

കൂടാതെ മറ്റു പല പരാതികൾ ഉയർന്നുവന്നപ്പോൾ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തുകയും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി കന്റീൻ പ്രവർത്തകർക്കു ശക്തമായ താക്കീതും നൽകിയിരുന്നു. എന്നാൽ കന്റീൻ നടത്തിപ്പുകാർ ഇതൊന്നും അത്ര കാര്യമായി എടുത്തിരുന്നില്ല. അവസാനമായി കറിയിൽ വെന്ത വിരലുറ കണ്ടെത്തിയതോടെയായിരുന്നു എച്ച്എംസി ഇടപെട്ടു കന്റീൻ മൂന്നാഴ്ച മുമ്പ് പൂട്ടിച്ചത്. താക്കീതുകളും താൽക്കാലിക നടപടികളും വകവയ്ക്കാതെ വൃത്തിഹീനമായ രീതിയിൽ കന്റീൻ നടത്തുന്ന ഇക്കൂട്ടരെ ഒഴിവാക്കി പുതുതായി ടെൻഡർ വിളിച്ചു വീണ്ടും കന്റീൻ തുറന്നു പ്രവർത്തിക്കാനുള്ള നടപടികളുമായി എച്ച്എംസി മുന്നോട്ടു പോവുകയായിരുന്നു. 

ഇതിനിടയിൽ കന്റീൻ പൂട്ടിച്ചതിനെതിരെ കന്റീൻ നടത്തിപ്പുകാർ എച്ച്എംസിയുടെ പ്രസിഡന്റായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ആശുപത്രി സൂപ്രണ്ട് ഡോ .വി.എസ്‌.സജീവ് എന്നിവരടക്കമുള്ളവരെ പ്രതികളാക്കി കോടതിയിൽ കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തു. കന്റീൻ പൂട്ടിച്ച നടപടിക്കെതിരെ നടത്തിപ്പുകാർ നെടുമങ്ങാട് മുൻസിഫ് കോടതിയിൽ ഫയൽ ചെയ്ത കേസ് നിലനിൽക്കെയായിരുന്നു കന്റീൻ നടത്തിക്കൊണ്ടിരുന്നവരിൽപ്പെട്ടവർ തന്നെ ഇന്നലെ ബലാൽക്കാരമായി കന്റീൻ തുറന്നു പ്രവർത്തനം ആരംഭിക്കാൻ ശ്രമം നടത്തിയതും പൊലീസ് എത്തി പൂട്ടിപ്പിച്ചതും.

Post a Comment

0 Comments