തിരുവനന്തപുരം: രാവിലെ കടയിലെത്തി വൃത്തിയായി പാക്ക് ചെയ്ത മിൽമ പാൽ വാങ്ങുമ്പോൾ ചിന്തിച്ചിട്ടില്ലേ, ഇതെങ്ങനെയായിരിക്കും ഈ രൂപത്തിലെത്തുകയെന്ന്; ആവി പറക്കുന്ന ചായ ചുണ്ടോടുചേർക്കുമ്പോഴും?ദേശീയ ക്ഷീര ദിനം പ്രമാണിച്ച് ഇന്നലെ മുതൽ പൊതുജനങ്ങൾക്ക് ഇതിനുള്ള അവസരം ഒരുക്കിയിരുക്കിയിരിക്കുകയാണു മിൽമ.
മിൽമ ഡെയറികളുടെ പ്രവർത്തനം നേരിട്ടു കണ്ടു മനസ്സിലാക്കാനും മിൽമ ഉൽപന്ന നിർമാണം പരിചയപ്പെടുത്തുന്നതിനുമാണ് ഇത്തരത്തിൽ പരിപാടി സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 12 ഡെയറികളിലും ഈ സൗകര്യം ഒരുക്കിയിട്ടുണ്ട്.നഗരത്തിൽ അമ്പലത്തറയിലെ മിൽമ പ്ലാന്റിലാണു സന്ദർശന സൗകര്യം.പ്രതിദിനം 2.10 ലക്ഷം ലീറ്റർ പാലാണ് ഇവിടെ നിന്നു പായ്ക്കറ്റുകളിലാക്കി ജില്ലയിലങ്ങോളമിങ്ങോളമെത്തുന്നത്.
ഇതു നമ്മുടെ കയ്യിൽ പാൽ പാക്കറ്റായി എത്തുന്നതിനു മുൻപ് എന്തെല്ലാം മാറ്റങ്ങൾക്കു വിധേയമാകുന്നുവെന്നും എങ്ങനെയാണു സംഭരണവും വിതരണവും ക്രമീകരിച്ചിരിക്കുന്നതെന്നുമടക്കമുള്ള കാര്യങ്ങൾ ഇവിടെ കാണാനാകും. ഐസ്ക്രീം, തൈര്, വെണ്ണ, സിപ്–അപ് തുടങ്ങിയ പാലുൽപന്നങ്ങളുടെയും നിർമാണവും പാക്കിങ്ങും എങ്ങനെയെന്നും ഇവിടെ നിന്നു കണ്ടു മനസ്സിലാക്കാം.
രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയാണു പ്രവേശനം. നാളെ വരെ പൊതുജനങ്ങൾക്കു സന്ദർശനസൗകര്യമൊരുക്കിയിട്ടുണ്ട്. വിൽപന കൗണ്ടറുകളിൽ നിന്നു മിൽമ ഉൽപന്നങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ ഉപഭോക്താക്കൾക്കു വാങ്ങുന്നതിനുള്ള സൗകര്യവുമുണ്ട്. ഡെയറി സന്ദർശിക്കുന്നതിനു താൽപര്യമുള്ളവർക്കു തങ്ങളുടെ അടുത്തുള്ള മിൽമ ഡെയറിയുമായി ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾ www.milma.com എന്ന വെബ്സൈറ്റിലും ലഭ്യമാണ്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.