വിതുര: കുട്ടിക്കൃഷിയുടെ നൂറുമേനിത്തിളക്കം ഇനി വിതുര പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിലും ചരിത്രമാകും. ജില്ലയിലാദ്യമായി ഒരു പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ കുട്ടികൾ കൃഷിയിറക്കി. അന്യംനിന്നുപോകുന്ന നെൽക്കൃഷിയും സാധ്യതകളേറെയുള്ള മത്സ്യക്കൃഷിയും വിജയകരമായി ചെയ്ത വിതുര ഗവ. വിഎച്ച്എസ്എസിലെ കുട്ടിപ്പൊലീസ് സംഘമാണു ‘ചെലവില്ലാ പ്രകൃതി കൃഷി’യെന്ന പദ്ധതിയിലൂടെ ഇന്നലെ കൃഷിയിറക്കിയത്.
‘ഭക്ഷ്യ സുരക്ഷ മാനവ രക്ഷ’യെന്ന സന്ദേശമുയർത്തി വിഭാവനം ചെയ്ത പദ്ധതിക്കു പൊലീസ് സേനയുടെ ഭാഗത്തു നിന്നു മികച്ച പ്രതികരണം. ജില്ലാ പൊലീസ് മേധാവി ഷെഫീൻ അഹമ്മദ്, നെടുമങ്ങാട് ഡിവൈഎസ്പി: ഇ.എസ്. ബിജുമോൻ ഉൾപ്പെടെയുള്ളവരും കൃഷിയിറക്കാൻ കുട്ടിപ്പൊലീസ് സംഘത്തിനൊപ്പംകൂടി. കുട്ടിപ്പൊലീസുകാർ തയാറാക്കിയ ഗ്രോബാഗുകളിൽ പച്ചക്കറി തൈകളും വിത്തുകളും നട്ടു. കുട്ടിത്തെങ്ങുകളും സ്റ്റേഷൻ പരിസരത്തു നട്ടു. സമീപത്തായി എടുത്ത കുഴിയിൽ ടാർപ്പോളിൻ ഷീറ്റ് വിരിച്ചു വെള്ളം നിറച്ചു മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
കൃഷി ചെയ്യാൻ കുട്ടികളെ പ്രാപ്തനാക്കിയതു ജൈവ കർഷകനായ തച്ചൻകോട് മനോഹരൻ നായരാണ്. പൊലീസ് സ്റ്റേഷൻ പരിസരത്തെ കൃഷി പരിപാലിക്കാൻ കുട്ടിപ്പൊലീസ് സംഘം എല്ലാ ആഴ്ചയുമെത്തും. ദൈനംദിന പരിപാലനത്തിനു സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ കുട്ടികൾ തന്നെ നിർദേശിച്ചിട്ടുണ്ട്. കൃഷിയിൽ നിന്നു ലഭിക്കുന്ന വിളവ് സ്കൂളിലെ അടുക്കളയിലെത്തിക്കാനാണു തീരുമാനമെന്നു സ്റ്റേഷൻ അധികൃതർ അറിയിച്ചു.
‘ചെലവില്ലാ പ്രകൃതി കൃഷി’ നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യ കുട്ടിപ്പൊലീസ് യൂണിറ്റാണു വിതുരയിലേത്. വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, ആര്യനാട് സിഐ: എസ്. അനിൽകുമാർ, വിതുര എസ്ഐ: എ. അൻസാരി, ഹെഡ്മിസ്ട്രസ് പി.ആർ. അനിത, കൃഷി ഓഫിസർ എ.ആർ. സുരേഷ്, എസ്‌സിപിഒ: ഷിഹാബ്ദ്ദീൻ, സ്കൂൾ കമ്യൂണിറ്റി പൊലീസ് ഓഫിസർമാരായ കെ. അൻവർ, കെ. സുജാത, വിതുര എസ്ബിടി മാനേജർ എം.എസ്. സ്മിത എന്നിവർ സന്നിഹിതരായിരുന്നു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.