Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ദീപസ്തംഭത്തിനു മുകളിലേക്കിനി പാട്ടും കേട്ട് പറന്നുയർന്നു പൊങ്ങിപ്പോകാം

കോവളം: ദീപസ്തംഭത്തിനു മുകളിലേക്കിനി.. പാട്ടും കേട്ട്.. പറന്നുയർന്നു പൊങ്ങിപ്പോകാം. കോവളം തീരത്തെ വിഴിഞ്ഞം ലൈറ്റ്ഹൗസിൽ സന്ദർശകർക്കു പുതുതായി സജ്ജമാക്കിയ ലിഫ്റ്റ് സൗകര്യം പൊതുജനത്തിനു നാലിനു രാവിലെ 11ന് തുറന്നു നൽകും. ഇതോടെ ആയാസരഹിതമായി സഞ്ചാരികൾക്കു ദീപസ്തംഭത്തിന്റെ ഉന്നതിയിലേക്കു ഉയർന്നു പൊങ്ങിപ്പോകാം. ഒരേസമയം അഞ്ചുപേർക്കു ലിഫ്റ്റിൽ കയറാം. 

മുഴുവൻ സ്ഫടിക സിലിണ്ടർ സമാനരൂപമാണു ലിഫ്റ്റിനുള്ളതെന്നതിനാൽ സന്ദർശകർക്ക് ഓരോ നിലയിലെ ജനലിലൂടെ ഉയർന്നുപൊങ്ങുന്ന തീരക്കാഴ്ചയുടെ രസക്കാഴ്ച കാണാം. ഉയർന്നുപൊകുന്നതിനിടെ നേർത്ത സംഗീതസ്വരവും ആസ്വദിക്കാം. സ്വാഗത വചനത്തിനൊടുവിൽ ഇറങ്ങാൻനേരം ശുഭദിനാശംസയും ലിഫ്റ്റ് നേരും. അവസാന നിലയ്ക്കു തൊട്ടുതാഴെവരെ ലിഫ്റ്റിൽ പോകാം. തുടർന്ന് ഇറങ്ങി ഏതാനും പടികൾ കയറേണ്ടിവരും. 


സ്തംഭതലപ്പത്ത് എത്തുന്നതിനു തൊട്ടുതാഴെയുള്ള പഴയ ഇരുമ്പു ഗോവണി പടികൾക്കും മാറ്റമില്ല. 37 മീറ്റർ ഉയരത്തിലുള്ള ദീപസ്തംഭത്തിലെ 144 പടികൾ കയറി മുൻപ് വളരെ സമയമെടുത്തു മുകളിലെത്തിയിരുന്ന സന്ദർശകർക്ക് ഇനി നിമിഷങ്ങൾക്കുള്ളിൽ ലൈറ്റ്ഹൗസ് മുകളിലെത്താനാകുമെന്നതാണു നേട്ടം. ഇനി പടികൾകയറി ശരീരത്തിനെ ഒന്നിളക്കി മുകളിലേക്ക് എത്തണമെന്നുള്ളവർക്ക് അതിനായി പടികൾ അതേപോലുണ്ട്.

ലിഫ്റ്റ് സൗകര്യം സ്ഥാപിക്കുന്നതിനായി കഴിഞ്ഞ ജൂൺ 10നാണു സന്ദർശകർക്കു പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയത്. ലിഫ്റ്റ് സൗകര്യത്തിനൊപ്പം പുതിയ ടിക്കറ്റ്കൗണ്ടർ, പാർക്കിങ് സൗകര്യം, സംഗീത-നൃത്ത-ജലധാര തുടങ്ങിയ പദ്ധതികളുടെ ആവിഷ്ക്കാരവും ഉടൻ നടപ്പാകുമെന്നു ബന്ധപ്പെട്ടവർ പറഞ്ഞു. ഇതിൽ ടിക്കറ്റ്കൗണ്ടർ, പാർക്കിങ്ഗ്രൗണ്ട്, നടപ്പാത നവീകരണം എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണ്. 


ദീപസ്തംഭത്തിന്റെ പെയിന്റിങ് ജോലികളും പൂർത്തിയാകാറായി. ശേഷിച്ച നവീകരണ ജോലികൾ പൂർത്തിയാകുന്ന മുറയ്ക്കു വിപുലമായ ഉദ്ഘാടനം ഉണ്ടാവുമെന്ന് അധികൃതർ പറഞ്ഞു. ടൂറിസം സീസൺ മുൻനിർത്തിയാണു ലിഫ്റ്റ് സൗകര്യം പൂർത്തിയായ നിലയ്ക്കു സന്ദർശകർക്കായി ഇതു തുറന്നുനൽകുന്നതെന്നും അധികൃതർ വിശദീകരിച്ചു. 

ലൈറ്റ്ഹൗസ് ആൻഡ് ലൈറ്റ്ഷിപ്സ് ഡയറക്ടർ ജനറൽ ജയേഷ് ചൗഹാൻ അടക്കമുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിനെത്തും. സൗകര്യം നടപ്പാക്കുന്ന കേരളത്തിലെ മൂന്നാമത്തെ ലൈറ്റ്ഹൗസ് ആകും വിഴിഞ്ഞം. വൈപ്പിനിലെ ലൈറ്റ്ഹൗസിലാണ് ആദ്യം നടപ്പാക്കിയത്. രണ്ടാമതു കൊല്ലം തങ്കശേരിയിൽ. ഇതിന്റെ ഉദ്ഘാടനം മൂന്നിനു നടക്കും.



Post a Comment

0 Comments