വലിയ നോട്ടുകൾ റദ്ദാക്കി പുതിയത് ഏർപ്പെടുത്തിയതോടെ വിലകൾ താഴുന്നു. രാജ്യമാകെ പച്ചക്കറി ഉൾപ്പെടെ ഭക്ഷണസാധനങ്ങളുടെ വിലയും താഴ്ന്നു. ഇതേത്തുടർന്നു പണപ്പെരുപ്പ നിരക്കും ഉപഭോക്തൃ വില സൂചികയും താഴുമെന്നു വ്യക്തമായതോടെ റിസർവ് ബാങ്ക് റീപോ നിരക്കിൽ അരശതമാനം കുറവു വരുത്തിയേക്കുമെന്നാണു നിരീക്ഷണം. അതേത്തുടർന്നു ഭവന, വാഹന, വ്യക്തിഗത വായ്പകൾക്കെല്ലാം പലിശ നിരക്ക് കുറയുമെന്ന സൂചനയാണു ബാങ്കിങ് ഉന്നത വൃത്തങ്ങൾ നൽകുന്നത്.
എന്നാൽ, പെൻഷൻകാർക്കും ബാങ്കിൽ സ്ഥിര നിക്ഷേപത്തിന്റെ പലിശ വരുമാനം ജീവിതച്ചെലവുകൾക്കായി ഉപയോഗിക്കുന്നവർക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യവുമാണിത്. നിലവിൽ 6.25 ശതമാനമാണ് റീപോ നിരക്ക്. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണിത്. ബാങ്ക് പലിശയുടെ അടിസ്ഥാന നിരക്ക് നിശ്ചയിക്കുന്നത് റീപോ എത്രയെന്നതനുസരിച്ചാണ്. റിസർവ് ബാങ്ക് അടുത്ത ധനകാര്യ അവലോകനത്തിൽ റീപോ നിരക്ക് 50 പോയിന്റ് അഥവാ അര ശതമാനം കുറയ്ക്കാൻ തീരുമാനിച്ചാൽ വാണിജ്യ ബാങ്കുകളുടെ വായ്പാ പലിശയിൽ അതു പ്രതിഫലിക്കാതെ തരമില്ല.
റീപോ നിരക്ക് 5.75% ആയി താഴുമ്പോൾ എല്ലാ വായ്പകളുടെയും പലിശ താഴും. അങ്ങനെ നോട്ട് റദ്ദാക്കിയതിന്റെ ഗുണഫലം സാധാരണക്കാരിൽ എത്തിക്കാൻ കഴിയുമെന്നതാണു നേട്ടം. വ്യവസായ ലോകത്തിനു പ്രതീക്ഷയുടെ മണിമുഴക്കമാണത്. പ്രതീക്ഷ വളരുമ്പോൾ ഓഹരി വില സൂചിക കയറാനും ഇടയാക്കും. പലിശ കുറയുമ്പോൾ വായ്പയെടുത്ത് വ്യവസായ മുതൽമുടക്കും വർധിക്കും. പണപ്പെരുപ്പ നിരക്കും ഉപഭോക്തൃ വിലസൂചികയും (സിപിഐ) റീപോ നിരക്കു നിശ്ചയിക്കുന്നതിൽ സ്വാധീനം ചെലുത്താറുണ്ട്. അടുത്ത ദിവസങ്ങളിൽ ഉപഭോക്തൃവിലസൂചിക നിലവിലുള്ള 4.2 ശതമാനത്തിൽ നിന്ന് നാലു ശതമാനത്തിൽ താഴേക്കു വരുമെന്നതിൽ സംശയമില്ല.
റീപോ നിരക്കു കുറയ്ക്കാൻ റിസർവ് ബാങ്കിന് അനുകൂല സാഹചര്യം സൃഷ്ടിക്കും വിധമായിരിക്കും വിലക്കയറ്റത്തിന്റെ താഴ്ചയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. എന്നാൽ, ചെറുകിട വ്യാപാരികളുടെ ബിസിനസിൽ കാര്യമായ ഇടിവുണ്ടായതും കോർപറേറ്റ് നിക്ഷേപത്തിൽ കുറവു വന്നതും ജിഡിപി വളർച്ചാ നിരക്കിനെ തൽക്കാലം താഴോട്ടു വലിച്ചേക്കാം. ജിഡിപി വളർച്ച ഏഴുശതമാനത്തിൽ താഴെ പോകുമെന്ന നിരീക്ഷണം വിദഗ്ധരിൽ നിന്നുണ്ട്. വ്യവസായ നിക്ഷേപം വർധിപ്പിക്കാനും വളർച്ചാനിരക്കു കുറയാതെ പിടിച്ചു നിർത്താനും വേണ്ട ഉത്തേജക നടപടികൾ ഗവൺമെന്റിനു സ്വീകരിക്കേണ്ടി വരും.ഡിസംബർ അഞ്ച്, ആറ് തീയതികളിലാണ് ഇനി റിസർവ് ബാങ്ക് വായ്പനയ സമിതിയുടെ (എംപിസി) അടുത്ത യോഗം.
സ്ഥിര നിക്ഷേപ പലിശ 6% ആയേക്കാം
എസ്ബിഐയുടെ വായ്പകൾക്ക് നിലവിലുള്ള അടിസ്ഥാന പലിശ നിരക്ക് 8.9%. മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിങ് റേറ്റ് (എംസിഎൽആർ) ആണിത്. ഏതു വായ്പയുടെ പലിശ നിരക്കും ഇതിലും അൽപ്പം കൂടുതലായിരിക്കും. ഉദാഹരണമായി ഭവനവായ്പയ്ക്ക് 9.2% പലിശ ഈടാക്കുന്നു. റീപോ നിരക്കു കുറയുമ്പോൾ പലിശ നിരക്ക് ഇതിലും കുറയും. അതേ സമയം ബാങ്കിലെ സ്ഥിര നിക്ഷേപത്തിനും വായ്പ കുറയും. നവംബർ ഒന്നുമുതൽ എസ്ബിഐയുടെ ഒരു വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7% മാത്രമാണു പലിശ. ഉപഭോക്തൃവില സൂചിക നാലു ശതമാനത്തിൽ താഴ്ന്നാൽ എഫ്ഡി പലിശ നിരക്ക് ഏഴിൽ നിന്ന് ആറു ശതമാനത്തിലേക്കു താഴാം.
കാരണം സ്ഥിര നിക്ഷേപം നടത്തുന്നവർക്ക് പണപ്പെരുപ്പ തോതിനെക്കാൾ രണ്ടു ശതമാനം വരെ ആദായം നേടത്തക്കവിധം നിരക്ക് നിശ്ചയിക്കാം എന്നാണ് റിസർവ് ബാങ്ക് നിർദേശം. എങ്കിൽ പണപ്പെരുപ്പം നാലു ശതമാനമെങ്കിൽ എഫ്ഡി പലിശ നിരക്ക് 6% ആയേക്കും.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.