Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഐക്യകേരളം അറുപതിന്റെ തിളക്കത്തിൽ നിൽക്കുമ്പോഴും മാറാത്തതായി കസവുമുണ്ടും സെറ്റുസാരിയുമടങ്ങുന്ന പാരമ്പര്യ വേഷം.



തിരുവനന്തപുരം∙ എഴുത്താണിയിൽനിന്നു പേനയിലേക്കുള്ള ദൂരവും കല്ലച്ചു മാറി കംപ്യൂട്ടർ വന്നതും മലയാളിയെ സംബന്ധിച്ചു വലിയ മാറ്റങ്ങളായിരുന്നു. ഐക്യ കേരളം അറുപതിന്റെ തിളക്കത്തിൽ നിൽക്കുമ്പോഴും മാറാത്തതായി ഒന്നുണ്ട്. കസവുമുണ്ടും സെറ്റുസാരിയുമടങ്ങുന്ന പാരമ്പര്യ വേഷം. ഒട്ടേറെ മാറ്റങ്ങൾക്കും ചരിത്ര മുന്നേറ്റങ്ങൾക്കും സാക്ഷ്യംവഹിച്ച തലസ്ഥാനവും ഇന്നലെ ഈ പതിവു തെറ്റിച്ചില്ല.

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കസവുസാരി മാത്രം എന്നു പാടിപ്പോയി ഇന്നലെ നഗരവാസികൾ. സർക്കാർ ഓഫിസുകൾ, സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും കേരളത്തിന്റെ പിറന്നാൾ ആഘോഷം. തലസ്ഥാനത്തെ കോളജുകളിലെ ആഘോഷത്തിനായിരുന്നു കൂടുതൽ പൊലിമ.

പതിവു തെറ്റിക്കാതെ ഭൂരിഭാഗംപേരും പരമ്പരാഗത വേഷമണിഞ്ഞായിരുന്നു എത്തിയത്. ആഘോഷങ്ങളെല്ലാം ന്യൂജൻ സ്റ്റൈലിലാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ അറുപതിന്റെ ചെറുപ്പം. മുൻ വർഷങ്ങളെ അപേക്ഷിച്ചു ഭൂരിഭാഗം സർക്കാർ ജീവനക്കാരും കേരള വേഷത്തോടു മുഖം തിരിച്ചു. കോളജ് വിദ്യാർഥികൾ മാത്രമാണു പരമ്പരാഗത വേഷത്തോട് അൽപമെങ്കിലും സ്നേഹം പ്രകടിപ്പിച്ചത്.

ക്യാംപസുകളിൽ പുലി മുരുകന്‍ തരംഗം

∙കേരളപ്പിറവിയും പുലിമുരുകനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? തലസ്ഥാനത്തെ കോളജ് ക്യാംപസുകളിൽ ഇന്നലെ ചിലർക്കു തോന്നിയ സംശയം. മുണ്ടുമാറ്റി ലുങ്കിയുടുത്തു പുലിമുരുകനായിട്ടായിരുന്നു ക്യാംപസിലേക്കുള്ള പലരുടെയും വരവ്. ഒരു മാറ്റം ആഗ്രഹിച്ചവരാണു പരമ്പരാഗത വേഷത്തിനൊപ്പം പുലിമുരുകനും സ്ഥാനം നൽകിയത്.

പാരമ്പര്യത്തിനൊപ്പം പുലിമുരുകന്റെ കുപ്പായവും സെൽഫികളിൽ നിറഞ്ഞപ്പോൾ നവമാധ്യമങ്ങൾ അതും ചർച്ചയാക്കി. അങ്ങനെ പ്രേമം സ്റ്റൈലിനു ശേഷം ക്യാംപസുകളിൽ ചർച്ചയാകുകയാണു പുലിമുരുകൻ സ്റ്റൈൽ. പുലിമുരുകനെ അനുകരിക്കാൻ അനുയോജ്യമായ വസ്ത്രങ്ങൾ വിപണിയിൽനിന്നു കിട്ടാതെ വന്നതിനാൽ ക്യാംപസുകളിൽ ഒറ്റപ്പെട്ട പുലിമുരുകൻമാരെ മാത്രമേ കാണാനായുള്ളൂ.

ഐക്യ കേരള പിറവിയുടെ അറുപതാം പിറന്നാൾ ആഘോഷിക്കുമ്പോൾ സിനിമയെ ഒഴിവാക്കുന്നതു ശരിയല്ലെന്നാണു തലസ്ഥാനത്തെ പുതു തലമുറ ഇതിനോടു പ്രതികരിക്കുന്നത്. വേഷ രീതികൾക്കു ചില്ലറ മാറ്റങ്ങൾ വന്നെങ്കിലും കേരളപ്പിറവി നിരാകരിക്കാൻ വിദ്യാർഥികൾക്കു കഴിഞ്ഞില്ല.

ഫൈൻ ആർട്സ് കോളജിൽ ല‍ഡു പൊട്ടി

∙ആഘോഷത്തിൽ മുന്നിൽ ഗവ. ഫൈൻ ആർട്സ് കോളജ്– കേരളത്തിന്റെ പിറന്നാൾ നമ്മുടെയും കൂടി പിറന്നാളല്ലേ, ഇത് ആഘോഷിച്ചിലെങ്കിൽ പിന്നെ മറ്റെന്ത് ആഘോഷിക്കാൻ– പറയുന്നതു മറ്റാരുമല്ല ഗവ. ഫൈൻ ആർട്സ് കോളജിലെ ചുണക്കുട്ടികളാണ്. ഇവിടെ രാഷ്ട്രീയമില്ല അതുകൊണ്ടുതന്നെ ആഘോഷങ്ങൾക്ക് ഒരു കുറവുമില്ല.

ഒന്നാംവർഷ വിദ്യാർഥി രജിത രവി ഇതു പറഞ്ഞുതീർന്നപ്പോഴേക്കും ശബരി വിതരണം ചെയ്യാനുള്ള ലഡുവുമായി എത്തി. ലഡു കയ്യിൽ കിട്ടിയപ്പോൾ പിന്നെ നിയമസഭയിലെ ലഡുവിതരണമായി ചർച്ച. സമയം 11. തൊട്ടപ്പുറത്തു നിയമസഭയ്ക്കുള്ളിൽ വജ്രകേരളത്തിന്റെ ആഘോഷ പകലും തുടർന്നുള്ള വിവാദങ്ങളും തിളച്ചു മറിയുന്നു.

അതേസമയം ഇവിടെയും തിളച്ചു... വിവാദമല്ല, ഒന്നാന്തരം അരിപ്പായസം. കുട്ടികളുടെ നേതൃത്വത്തിലായിരുന്നു കോളജിൽ പായസവിതരണം. ഉച്ചയോടെ പായസവിതരണം കോളജിനു പുറത്തേക്കും വ്യാപിച്ചു കേരളപ്പിറവിയോടനുബന്ധിച്ചു പുതുമയാർന്ന പരിപാടികളും പ്രദർശനങ്ങളും ഒരുക്കാവാനുള്ള ശ്രമത്തിലാണു വിദ്യാർഥികൾ. നിറംമങ്ങി ടെക്കിയാഘോഷം

∙പരമ്പരാഗത വേഷത്തിനു വിലക്ക്. ആഘോഷമില്ലാതെ ടെക്നോപാർക്ക് – ഡ്രസ് കോഡ് ലംഘിച്ചാൽ നടപടിയുണ്ടാകുമെന്ന കമ്പനികളുടെ നിർദേശം നിലനിൽക്കുന്നതിനാൽ ടെക്നോപാർക്കിലെ കേരളപ്പിറവി ഇത്തവണയും നിറംമങ്ങി. ഓണത്തിന് ഒരുദിവസം മാത്രമേ പാർക്കിൽ പരമ്പരാഗതവേഷത്തിന് അനുമതിയുള്ളൂ.

കേരളപ്പിറവിയുടെ അറുപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ പാരമ്പര്യ വേഷം അനുവദിക്കണമെന്നു പാർക്കിലെ ചില സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും കമ്പനികൾ ഇതിനോടു മുഖംതിരിച്ചുവത്രെ. എങ്കിലും കേരളപിറവി മാതൃകാപരമായി ടെക്കികൾ ആഘോഷിച്ചു. ടെക്നോപാർക്കിലെ സാംസ്കാരിക സംഘടന പ്രതിധ്വനിയുടെ നേതൃത്വത്തിൽ ഇന്നലെ രക്തദാന ക്യാംപ് നടന്നു. നൂറോളം ജീവനക്കാർ ക്യാംപിൽ രക്തദാനം നടത്തി.






Post a Comment

0 Comments