തിരുവനന്തപുരം: 2026-27 വർഷത്തെ ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്കായി വിപുലമായ യാത്രാ സൗകര്യങ്ങളൊരുക്കി കെ.എസ്.ആർ.ടി.സി. മുഖ്യമന്ത്രിയുടെയും ഗതാഗത വകുപ്പ് മന്ത്രിയുടെയും പ്രത്യേക നിർദ്ദേശപ്രകാരം സുരക്ഷിതവും സുഗമവുമായ സർവീസുകൾ ഉറപ്പാക്കുന്നതിനുള്ള അന്തിമഘട്ട മുന്നൊരുക്കങ്ങൾ പൂർത്തിയായി വരികയാണെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

ബസ് സർവീസുകളും വിന്യാസവും
- മണ്ഡലകാലത്ത് 461 ബസുകളും മകരവിളക്ക് ഘട്ടത്തിൽ 561 ബസുകളും ആദ്യഘട്ടത്തിൽ സർവീസ് നടത്തും. തീർത്ഥാടകരുടെ തിരക്ക് വർധിക്കുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ ലഭ്യമാക്കാനും ലീസ് വ്യവസ്ഥയിൽ ബസുകൾ കണ്ടെത്താനും നടപടി സ്വീകരിച്ചിട്ടുണ്ട്.
- പമ്പ–നിലയ്ക്കൽ ചെയിൻ സർവീസുകൾക്ക് പുറമെ പമ്പ, നിലയ്ക്കൽ, ചെങ്ങന്നൂർ, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം സെൻട്രൽ, എറണാകുളം, കുമളി, കൊട്ടാരക്കര, പുനലൂർ, അടൂർ, തൃശ്ശൂർ, ഗുരുവായൂർ, കായംകുളം തുടങ്ങിയ കേന്ദ്രങ്ങളിൽനിന്ന് സ്പെഷ്യൽ സർവീസുകൾ ഉണ്ടാകും.
- മണ്ഡലപൂജ സമയത്ത് നിലയ്ക്കലിൽ 180 ബസുകളും മകരവിളക്കിന് 220 ബസുകളും വിന്യസിക്കും. ചെങ്ങന്നൂരിൽ യഥാക്രമം 60, 80 ബസുകളും കോട്ടയത്ത് 50, 60 ബസുകളും ക്രമീകരിക്കും.
- പമ്പയിലും നിലയ്ക്കലുമായി ജീവനക്കാരെ രണ്ടു ഘട്ടമായി നിയോഗിക്കും. മണ്ഡലപൂജാ ഘട്ടത്തിൽ 678 ജീവനക്കാരെയും മകരവിളക്ക് ഘട്ടത്തിൽ 778 ജീവനക്കാരെയും വിന്യസിക്കും.
- ആദ്യഘട്ടത്തിൽ 325 ഡ്രൈവർമാരും 225 കണ്ടക്ടർമാരും രണ്ടാംഘട്ടത്തിൽ 375 ഡ്രൈവർമാരും 275 കണ്ടക്ടർമാരും സേവനത്തിനുണ്ടാകും.
- ജീവനക്കാർക്ക് ഫയർ ആൻഡ് റെസ്ക്യൂ, മെഡിക്കൽ പരിശീലനങ്ങളും മെക്കാനിക്കൽ വിഭാഗത്തിന് പ്രത്യേക വാഹന കമ്പനി പരിശീലനങ്ങളും നൽകിയിട്ടുണ്ട്.
- ബജറ്റ് ടൂറിസം സെൽ മുഖേന ചാർട്ടേഡ് ട്രിപ്പുകൾക്കും ഓൺലൈൻ റിസർവേഷനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി.
- വിവിധ ഡിപ്പോകൾക്ക് സമീപമുള്ള എഴുപതിൽപ്പരം പ്രധാന ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് പമ്പയിലേക്ക് പ്രത്യേക സർവീസുകൾ നടത്തും. ഭക്തർക്ക് വിരിവെയ്ക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങൾ ഇവിടെയൊരുക്കും. ഈ ക്ഷേത്രങ്ങളുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കും.
- പമ്പയിലും നിലയ്ക്കലിലും ബസ് പാർക്കിങ്, ഗാരേജ്, ജീവനക്കാരുടെ താമസ-വിശ്രമ സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തും.
- ത്രിവേണിയിൽ യാത്രക്കാർക്കായി വെയിറ്റിങ് ഷെഡും ബാരിക്കേഡ് സംവിധാനവും സജ്ജമാക്കും.
- പമ്പ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് തിരക്ക് നിയന്ത്രിക്കാനും അനധികൃത പാർക്കിങ്ങും സമാന്തര സർവീസുകളും തടയാനും പോലീസിന്റെയും മറ്റ് വകുപ്പുകളുടെയും സഹകരണം ഉറപ്പാക്കിയിട്ടുണ്ട്.
പമ്പ, ചെങ്ങന്നൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും, ഭക്തർക്ക് പരാതിരഹിതമായ സേവനം നൽകാൻ കെ.എസ്.ആർ.ടി.സി സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.