
തിരുവനന്തപുരം: പേരൂർക്കടയിലെ അലങ്കാരച്ചെടി വിൽപനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി വിനീതയെ കൊലപ്പെടുത്തിയ പ്രതിയുടെ കൊലപാതക രീതി സമാന സ്വഭാവമുള്ളതാണെന്നും, ഇതേ രീതിയിലാണ് തമിഴ്നാട്ടിൽ 3 കൊലപാതകങ്ങൾ നടത്തിയതെന്നും ഫൊറൻസിക് വിദഗ്ധന്റെ മൊഴി. കന്യാകുമാരി ആശാരിപ്പളളം ഗവ. മെഡിക്കൽ കോളജിലെ ഫൊറൻസിക് വിദഗ്ധൻ ഡോ. ആർ. രാജ മുരുകനാണ് അഡിഷനൽ ജില്ലാ സെഷൻസ് കോടതി മുൻപാകെ മൊഴി നൽകിയത്. തമിഴ്നാട് കന്യാകുമാരി തോവാല വെളളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രനാണ് കേസിലെ പ്രതി.
ഇരകളുടെ ശബ്ദം പുറത്ത് വരാതിരിക്കാൻ സ്വനപേടകത്തിന് മുറിവേൽപിക്കുന്ന രീതിയാണ് രാജേന്ദ്രൻ അവലംബിക്കുന്നത്. മുറിവിന്റെ ആഴവും ഉപയോഗിച്ച ആയുധവും ഒരു പോലത്തേതാണെന്ന് ഡോക്ടർ കോടതിയിൽ മൊഴി നൽകി. ഇരയുടെ പിന്നിലൂടെ എത്തിയാണ് കഴുത്തിൽ കത്തി കുത്തിയിറക്കി ആഴത്തിൽ മുറിവ് ഉണ്ടാക്കുന്നത്. ഈ മുറിവ് പിന്നീട് മരണ കാരണമായി തീരുമെന്നും ഡോക്ടർ മൊഴി നൽകി.
കന്യാകുമാരി തോവാള വെളളമഠം സ്വദേശിയും കസ്റ്റംസ് ഓഫിസറുമായ സുബ്ബയ്യ, ഭാര്യ വാസന്തി, മകൾ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പോസ്റ്റ്മോർട്ടം ചെയ്തത് ഡോ.രാജ മുരുകൻ ആയിരുന്നു. കോടതിയിൽ സമർപ്പിച്ച വിനീതയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും താൻ തമിഴ്നാട്ടിൽ ചെയ്ത മൂന്ന് പോസ്റ്റ്മോർട്ടത്തിലും പ്രതി ഇരകളെ കൊലപ്പെടുത്തിയ രീതി സമാനമാണെന്നും ഡോക്ടർ മൊഴി നൽകി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.