
വട്ടപ്പാറ: തലസ്ഥാനത്തെ പതിനഞ്ചോളം ക്ഷേത്രങ്ങളിൽ നിന്ന് അഞ്ച് ലക്ഷം രൂപയുടെ നിലവിളക്കുകളും സ്വർണാഭരണങ്ങളും പൂജാപാത്രങ്ങളും മോഷ്ടിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. നെടുമങ്ങാട് തച്ചേരിക്കോണത്ത് വീട്ടിൽ ജിബിനാണ്(29) പിടിയിലായത്. പുത്തൻപാലം ഇരയനാട് സ്വദേശിയായ യുവതിയുടെ ആക്ടീവ സ്‌കൂട്ടർ മോഷ്ടിച്ച് വ്യാജനമ്പർ പതിച്ച് അടുത്ത മോഷണത്തിന് തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലായിരുന്നു അന്വേഷണസംഘം ഇയാളെ പിടികൂടിയത്.
.png)

വട്ടപ്പാറ വേങ്കോട് ഭാഗത്തുവച്ചാണ് പ്രതി പിടിയിലായത്. കഴിഞ്ഞ മാസം ഏഴിന് കൊഞ്ചിറ അയിരവല്ലി തമ്പുരാൻ ക്ഷേത്രത്തിൽ നിന്ന് രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന നിലവിളക്കുകളും പൂജാപാത്രങ്ങളും ആഭരണങ്ങളും ജിബിൻ മോഷ്ടിച്ചിരുന്നു.തൊട്ടടുത്ത ദിവസം തന്നെ പെരുംകൂർ തമ്പുരാൻ ക്ഷേത്രത്തിൽ നിന്ന് ഒരു ലക്ഷം രൂപയുടെ അമ്പതോളം വിളക്കുകളും കവർന്നു. ജൂൺ 15ന് ഒഴുകുപാറ വലിയ ആയിരവല്ലി ക്ഷേത്രത്തിൽ നിന്നും വിളക്കുകളും പൂജാപാത്രങ്ങളുമായി കടന്നുകളയുകയായിരുന്നു. പിന്നാലെ വെമ്പായം ഊരുട്ടമ്പലം ദേവി ക്ഷേത്രത്തിൽ നിന്ന് ഒന്നരലക്ഷം രൂപ വിലമതിക്കുന്ന നിലവിളക്കുകളും തട്ടുവിളക്കുകളും കവർന്നു.ജിബിൻ ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികളിൽ നിന്നും പണം മോഷ്ടിച്ചിട്ടുണ്ട്. നെടുമങ്ങാട് പൂവത്തൂർ മണ്ടക്കാട് അമ്മൻദേവി ക്ഷേത്രത്തിൽ നിന്ന് വിളക്കുകളും വിതുര മഹാദേവൻ ക്ഷേത്രത്തിൽ നിന്ന് കാണിക്കവഞ്ചി പൊളിച്ച് പണവും കവർന്നു. എല്ലാ മോഷണവും ചെയ്തതെന്ന് താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ജിബിന്റെ കൂടെയുളളവർക്കായുളള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.