Recent-Post

ആർ.എൽ.വി. രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമർശക്കേസിൽ കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യമനുവദിച്ച് നെടുമങ്ങാട് എസ്.സി./എസ്.ടി. പ്രത്യേക കോടതി

 


നെടുമങ്ങാട്: ആർ.എൽ.വി. രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമർശക്കേസിൽ കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ്.സി./എസ്.ടി. പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തേ ഹൈക്കോടതി നിർദേശത്തെ തുടർന്ന് സത്യഭാമ നെടുമങ്ങാട് കോടതിയിൽ കീഴടങ്ങിയിരുന്നു.
പോലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപിൽ ഹാജരാകണമെന്നും സമാന കുറ്റകൃത്യം ആവർത്തിക്കരുതെന്നും പരാതിക്കാരനെ സ്വാധീനിക്കരുതെന്നും കോടതി നിർദേശമുണ്ട്. 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.

ജാമ്യത്തെ എതിർത്ത് പ്രോസിക്യൂഷനും ആർ.എൽ.വി. രാമകൃഷ്ണനും കോടതിയിൽ വാദിച്ചിരുന്നു. ചെറിയ കേസ് ആയി കാണാൻ കഴിയില്ലെന്ന് ആർ.എൽ.വി. രാമകൃഷ്ണൻ വാദിച്ചു. പ്രതിയെ കസ്റ്റഡിയിൽ എടുക്കേണ്ടത് അനിവാര്യം ആണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. വാദിയെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം അഞ്ചു വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കസ്റ്റഡി ആവശ്യമില്ലെന്നുമാണ് സത്യഭാമയുടെ അഭിഭാഷകൻ ബി.എ ആളൂർ വാദിച്ചത്.

നർത്തകനും നടനുമായ ഡോ. ആർ.എൽ.വി. രാമകൃഷ്ണനുനേരെ നടത്തിയ അധിക്ഷേപ പരാമർശത്തെ തുടർന്നായിരുന്നു കലാമണ്ഡലം സത്യഭാമക്കെതിരെ ജാതിയധിക്ഷേപ കേസെടുത്തത്. കേസിൽ സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

പരാതിക്കാരനെതിരേ ജാതി അധിക്ഷേപം നടത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തി ഹർജിക്കാരിയുടെ ഭാഗത്തുനിന്നുണ്ടായി എന്ന് സ്ഥാപിക്കാൻ പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷനു കഴിഞ്ഞു എന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് കെ. ബാബു മുൻകൂർ ജാമ്യം നിഷേധിച്ചത്. എന്നാൽ, കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും സ്ത്രീയാണെന്നതും കണക്കിലെടുത്ത് ഹർജിക്കാരിയോട് ഒരാഴ്ചയ്ക്കുള്ളിൽ നെടുമങ്ങാട് പ്രത്യേക കോടതി മുൻപാകെ കീഴടങ്ങാനും നിർദേശിക്കുകയായിരുന്നു. ജാമ്യാപേക്ഷ നൽകിയാൽ അന്നുതന്നെ തീർപ്പാക്കാനും ഹൈക്കോടതി നിർദേശം നൽകിയിരുന്നു.


Post a Comment

0 Comments