Recent-Post

ഫോണിൽ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ പൊലീസിന്റെ ജാഗ്രതാ നിർദേശം



തിരുവനന്തപുരം: വിദേശത്ത് ജോലി ചെയ്യുന്നവരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ പൊലീസിന്റെ ജാഗ്രതാ നിർദേശം. നിങ്ങൾക്കുള്ള കുറിയർ കസ്റ്റംസ് പിടിച്ചെടുത്തിരിക്കുന്നു എന്ന ഓട്ടമാറ്റിക് റെക്കോർഡ് വോയ്സ് സന്ദേശം മൊബൈലിൽ ലഭിക്കുന്നതാണ് ആദ്യപടി. കൂടുതൽ അറിയുന്നതിനായി 9 അമർത്താൻ ആവശ്യപ്പെടും. ഇത് അമർത്തുന്നതോടെ കോൾ തട്ടിപ്പുകാർക്ക് കണക്ട് ആവും.നിങ്ങളുടെ പേരിൽ ഒരു കുറിയർ ഉണ്ടെന്നും അതിൽ പണം, ലഹരിവസ്തുക്കൾ എന്നിവ ഉണ്ടെന്നും അതിനു തീവ്രവാദബന്ധം ഉണ്ടെന്നും അറിയിക്കും. ഈ കോൾ കസ്റ്റംസിന് കൈമാറുന്നു എന്ന് പറഞ്ഞ് കോൾ മറ്റൊരാളിനു കൈമാറും. തീവ്രവാദബന്ധം ഉൾപ്പെടെ പറഞ്ഞ് അയാൾ വീണ്ടും ഭീഷണിപ്പെടുത്തും.


കസ്റ്റംസ് ഓഫിസർ എന്ന് തെളിയിക്കുന്ന വ്യാജ ഐഡി കാർഡ്, പരാതിയുമായി ബന്ധപ്പെട്ട വ്യാജരേഖകൾ എന്നിവയും അയച്ചു തരും. കസ്റ്റംസ് ഓഫിസറുടെ ഐഡി കാർഡ് വിവരങ്ങൾ വെബ്സൈറ്റിൽ പരിശോധിച്ചാൽ ഇത്തരത്തിൽ ഒരു ഓഫിസർ ഉണ്ടെന്ന് വ്യക്തമാകും.ഇതോടെ തട്ടിപ്പിനിരയാവുന്നവർ സ്വന്തം സമ്പാദ്യ വിവരങ്ങൾ വ്യാജ കസ്റ്റംസ് ഓഫിസർക്ക് കൈമാറുന്നു. സമ്പാദിച്ച തുക നിയമപരമായി ഉള്ളതാണെങ്കിൽ സമ്പാദ്യത്തിന്റെ 80% ഡിപ്പോസിറ്റ് ആയി നൽകണമെന്നും അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച ശേഷം സമ്പാദ്യം നിയമപരമാണെങ്കിൽ തിരിച്ചുനൽകും എന്നും പറഞ്ഞു വിശ്വസിപ്പിക്കും.ഇതു വിശ്വസിച്ച് ഇവർ നൽകുന്ന അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നവരാണ് തട്ടിപ്പിനിരയാവുന്നത്. ഒട്ടേറെ പേരുടെ പണം നഷ്ടമായതിനെ തുടർന്നാണ് പുതിയ തട്ടിപ്പു രീതി പൊലീസിന് മനസ്സിലാക്കുന്നത്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം 1930ൽ അറിയിക്കണം.


 

Post a Comment

0 Comments