നെടുമങ്ങാട്: എസ്എഫ്ഐ നേതാക്കൾ പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളജിലെ വിദ്യാർഥിയോടു കാണിച്ചത് ക്രൂരതയാണെന്ന് ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രീയ അക്രമങ്ങൾക്ക്, മുതിർന്ന രാഷ്ട്രീയ നേതാക്കൾ കൂട്ടുനിൽക്കുകയാണെന്നും എസ്എഫ്ഐയുടെ മര്‍ദ്ദനത്തെ തുടര്‍ന്നു ജീവനൊടുക്കേണ്ടി വന്ന പൂക്കോട് വെറ്ററിനറി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ രക്ഷിതാക്കളെ നെടുമങ്ങാടുള്ള വീട്ടിലെത്തി സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു ഗവർണർ പറഞ്ഞു.


കുടുംബത്തിന്റെ പരാതി നേരത്തെ തനിക്കു ലഭിച്ചതായും അതു ഡിജിപിക്കു കൈമാറിയെന്നും ഗവർണർ പറഞ്ഞു. ഏഴു പേരെ അറസ്റ്റ് ചെയ്തതായി ഡിജിപി അറിയിച്ചു. എസ്എഫ്ഐ പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്നു പൊലീസും സർവകലാശാലയും പറയുന്നു. എല്ലാവർക്കും അക്കാര്യം അറിയാം. മിടുക്കനായ വിദ്യാർഥിയെയാണു നഷ്ടമായത്. കേരളം സമ്പൂർണ സാക്ഷരതയുള്ള സംസ്ഥാനമാണ്. ഇവിടെ ചില ശക്തികൾ ക്രിമിനൽവൽക്കരണം നടത്തുകയാണ്. സിപിഎം അവരുടെ സഹപ്രവർത്തകനായിരുന്ന ആളെ കൊലപ്പെടുത്തിയതായി ടി.പി.ചന്ദ്രശേഖരൻ കൊലക്കേസിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടി ഗവർണർ പറഞ്ഞു. സീനിയർ നേതാക്കളാണു ടി.പി കേസിൽ ശിക്ഷിക്കപ്പെട്ടത്. ഹൈക്കോടതി പ്രതികളുടെ ശിക്ഷ കൂട്ടി. മുതിർന്ന നേതാക്കൾ അക്രമത്തിനു കൂട്ടുനിൽക്കുകയാണെന്നും ഗവർണർ ആരോപിച്ചു.
വിദ്യാർഥി നേതാക്കളുടെ പേരിലുള്ള പൊലീസ് കേസുകൾ വർഷങ്ങൾ നീണ്ടുപോകും. അവർക്ക് ജോലിക്കോ, പാസ്പോർട്ടിനോ അപേക്ഷിക്കാനാകില്ല. അവർ കാലക്രമേണ നേതാക്കളുടെ അടിമകളായി മാറും. യുവജനങ്ങളുടെ ജീവിതം നശിക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതേക്കുറിച്ച് ആലോചിക്കണം. പ്രവർത്തന രീതികളിൽ മാറ്റം വരുത്തണം. അക്രമം കൊണ്ട് ഒന്നും നേടാനാകില്ല. യുവജനങ്ങൾക്ക് അക്രമത്തിന്റെ പാതയിൽ പരിശീലനം നൽകുന്നതിൽനിന്ന് രാഷ്ട്രീയപാർട്ടികൾ പിൻവാങ്ങണം. ഇതിനെക്കുറിച്ച് കേരള സമൂഹവും ചിന്തിക്കണം. ഇത്തരം അക്രമത്തെ പിന്തുണയ്ക്കണോ എന്ന് ആലോചിക്കണം. ഈ സംസ്ഥാനത്തിനു വലിയ സംസ്കാരിക ചരിത്രമുണ്ട്. വിദ്യാര്‍ഥിയുടെ മരണത്തിൽ വളരെ വേദനയുണ്ടെന്നും തന്റെ മനസ് കുടുംബത്തോടൊപ്പമുണ്ടെന്നും ഗവർണർ പറഞ്ഞു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.