
നെടുമങ്ങാട്: നെടുമങ്ങാട് ഓട്ടം മഹോത്സവത്തോടനുബന്ധിച്ച് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾക്കായി ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും അവലോകനയോഗം ചേർന്നു. മന്ത്രി ജി.ആർ.അനിൽ യോഗം ഉദ്ഘാടനം ചെയ്തു. കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ ടാങ്കുകൾ ലഭ്യമാക്കും. വൈദ്യുതി വകുപ്പ്, ജല അതോറിറ്റി, പൊതുമരാമത്ത് എന്നീ വകുപ്പുകളിൽ ചെയ്തു തീർക്കേണ്ട പ്രവൃത്തികൾ അടിയന്തരമായി പരിഹരിക്കും.

പോലീസ്, എക്‌സൈസ്, ആംബുലൻസ്, മെഡിക്കൽ ടീം എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമാക്കും. നഗരത്തിൽ തകർന്നുകിടക്കുന്ന റോഡുകൾ അറ്റകുറ്റപ്പണികൾ നടത്തും. അണഞ്ഞുകിടക്കുന്ന ഉയരവിളക്കുകളും തെരുവുവിളക്കുകളും പ്രകാശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. നഗരത്തിൽ കൂടുതൽ ശുചിമുറികൾ നിർമിക്കും. കൂടാതെ ഉത്സവത്തോടനുബന്ധിച്ച് കാട്ടാക്കട, പേരൂർക്കട കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ നിന്നും കൂടുതൽ ബസുകൾ സർവീസ് നടത്തും. അടിയന്തര സാഹചര്യങ്ങൾ പരിഹരിക്കുന്നതിനായി പോലീസിന്റെ പ്രത്യേക ടീമിനേയും ചുമതലപ്പെടുത്തും.
അവലോകന യോഗത്തിൽ നഗരസഭാ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ അധ്യക്ഷയായി. നഗരസഭാ കൗൺസിലർമാർ, തഹസിൽദാർ, ജില്ലാ ആശുപത്രി സൂപ്രണ്ട്, വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാർ, നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാർ, ക്ഷേത്ര ഭാരവാഹികൾ, റെസിഡെൻസ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി, വ്യവസായി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. മാർച്ച് ആറിനാണ് ഓട്ടമഹോത്സവം ആരംഭിക്കുന്നത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.