Recent-Post

എസ്എഫ്ഐ - കെഎസ്‌യു പ്രവർത്തകർ തമ്മിൽ നെടുമങ്ങാട് കോളജിലും തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രി വളപ്പിലുമായി കയ്യാങ്കളി





നെടുമങ്ങാട്: ഗവ. കോളജിൽ ആർട്സ് ഡേ നടത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം എസ്എഫ്ഐ കെഎസ്‌യു പ്രവർത്തകർ തമ്മിൽ കോളജിലും തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രി വളപ്പിലുമായി ഇന്നലെ രൂക്ഷമായ കയ്യാങ്കളിക്ക് ഇടയാക്കി. കയ്യാങ്കളിയിൽ പരുക്കേറ്റവർ ആശുപത്രിയിൽ എത്തിയതിന് പിന്നാലെ ആയിരുന്നു ആശുപത്രി വളപ്പിലും ഇരു കൂട്ടരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.


പൊലീസ് എത്തി രംഗം ശാന്തമാക്കി സംഘർഷം ഒഴിവാക്കി. ഇത്തവണ ജയിച്ച കെഎസ്‌യുകാരനായ ആർട്സ് ക്ലബ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആർട്സ് ഡേ നടത്താൻ നിശ്ചയിച്ചിരുന്ന തീയതിയിൽ ആർട്സ് ഡേ നടത്താൻ അനുവദിക്കില്ല എന്നും തങ്ങൾ നിശ്ചയിക്കുന്ന തീയതിയിൽ ആർട്സ് ഡേ നടത്തണം എന്നുമുള്ള എസ്എഫ്ഐകാരുടെ ആവശ്യം കെഎസ്‌യുകാർ അംഗീകരിക്കാത്ത ആയിരുന്നു ഇരുകൂട്ടരും തമ്മിലുള്ള തർക്കത്തിനും കയ്യാങ്കളിക്കും ഇടയാക്കിയത്.
 

കയ്യാങ്കളി രൂക്ഷം ആയത് കണ്ടു കെഎസ്‌യു യൂണിയൻ ചെയർപഴ്സൻ ദീപയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും അധ്യാപകർ അടക്കം ഉള്ളവർ ചേർന്ന് അവരെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അതിന് ശേഷവും ഇരു കൂട്ടരും തമ്മിൽ കോളജ് വളപ്പിലും ആശുപത്രിയിയിലും ചെറിയതോതിൽ ഉന്തും തള്ളുമായി. ഏറ്റുമുട്ടലിൽ പരുക്കേറ്റ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് അഷ്‌റഫ് മുഹമ്മദ്, ആർട്സ് ക്ലബ് സെക്രട്ടറി വിപിൻ, മലയാളം അസോസിയേഷൻ സെക്രട്ടറി മുഹമ്മദ് റിയാൻ എന്നിവരും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇരു കൂട്ടരും തമ്മിൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിന്മേൽ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്ന് നെടുമങ്ങാട് സിഐ അറിയിച്ചു.

Post a Comment

0 Comments