വിതുര: പൊൻമുടി - ചുള്ളിമാനൂർ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ അടിയന്തരനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. റോഡ് നിർമ്മാണപ്രവർത്തനങ്ങൾ അടിക്കടി മുടങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്റ്റീഫൻ പ്രശ്നം ഇന്നലെ നിയമസഭയിൽ ഉന്നയിക്കുകയായിരുന്നു.167 കോടിരൂപയാണ് നവീകരണപ്രവർത്തനങ്ങൾക്കായി അനുവദിച്ചത്.
2021 ഡിസംമ്പർ എട്ടിനാണ് കരാറുകാരന് സൈറ്റ് ഹാൻഡ്‌ഒാവർ ചെയ്തത്. 2022 ജൂൺ 15ന് മന്ത്രി മുഹമ്മദ് റിയാസ് നിർമ്മാണപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.സ്റ്റേറ്റ് ഹൈവേ വിഭാഗത്തിൽ വരുന്ന ആദ്യ 21.30 കിലോമീറ്റർ ദൂരം സമതല പ്രദേശവും ബാക്കിയുള്ള 20.45 കിലോമീറ്റർ ദൂരം ഹെയർപിൻ വളവുകളോടുകൂടിയ വനമേഖലയുമാണ്.
റോഡിന് പുറമെ കലുങ്കുകളുടെ പുനർ നിർമ്മാണം, പുതിയ കലുങ്കുകളുടെ നിർമ്മാണം, കലുങ്കുകളുടെ വീതി വർദ്ധിപ്പിക്കൽ, സൈഡ് വാൾ- പാലം നവീകരണം, വനാതിർത്തിവരെ ഇരുവശത്തും ഓട, വനമുൾപ്പെടുന്ന ഭാഗത്ത് ഐറിഷ് ഡ്രെയിൻ എന്നിവയാണ് നിർമ്മാണപ്രവർത്തനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കല്ലാർ വരെയുള്ള ഭാഗത്ത് റോഡ് ശരാശരി 13 മുതൽ 15 മീറ്റർ വരെ വീതിയിലും ടാർസർഫസ് 7 മീറ്റർ, വനഭൂമിയിൽ 5.50 മീറ്റർ എന്നീ നിലയിലുമാണ് റോഡ് പണി വിഭാവനം ചെയ്തിരിക്കുന്നത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.