മണ്ണന്തല: ആനക്കൊമ്പിൽ തീർത്ത ശില്പം വിൽക്കാൻ ശ്രമിച്ച കേസിലെ രണ്ടു പ്രതികൾ കസ്റ്റഡിയിൽനിന്ന് വിലങ്ങുമായി രക്ഷപ്പെട്ടു. വനംവകുപ്പ് അറസ്റ്റുചെയ്ത പ്രതികളാണ് രക്ഷപ്പെട്ടത്. വെഞ്ഞാറമൂട് തടത്തരികത്തു വീട്ടിൽ ശരത്, പേയാട് കുണ്ടമൺകടവിൽ ജോണി എന്നിവരാണ് ബുധനാഴ്ച വൈകീട്ട് നാലാഞ്ചിറ പാണൻവിളയിൽവെച്ച് പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടത്. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടയിലായിരുന്നു സംഭവം.
ഇതേ കേസിൽ വെഞ്ഞാറമൂട് മാണിക്കൽ സ്വദേശി അശ്വിൻ, പേയാട് വിളപ്പിൽശാല സ്വദേശി മോഹൻ എന്നിവർ വനംവകുപ്പിന്റെ കസ്റ്റഡിയിലാണ്. മണ്ണന്തല പോലീസ് സ്റ്റേഷൻ പരിധിയിൽവെച്ചാണ് ജോണിയും ശരത്തും കൈവിലങ്ങോടെ രക്ഷപ്പെട്ടത്. ഇവർക്കായി പോലീസും വനംവകുപ്പും അന്വേഷണം ഊർജിതമാക്കി.
പാലോട് വനംവകുപ്പ് ഉദ്യോഗസ്ഥരും വിജിലൻസും കഴിഞ്ഞദിവസം നടത്തിയ തിരച്ചിലിലാണ് ആനക്കൊമ്പിൽ പണിത ശില്പങ്ങൾ വില്ക്കാൻ ശ്രമിക്കുന്നതിനിടെ പരുത്തിപ്പാറ പാണൻവിളയിൽ നിന്നും നാലുപേരും അറസ്റ്റിലായത്. ആനക്കൊമ്പ് കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. വനംവകുപ്പിന്റെ വിജിലൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികളെ അറസ്റ്റുചെയ്തതും രക്ഷപ്പെട്ടതും വനംവകുപ്പിന്റെ പാലോട് റെയ്ഞ്ച് ഓഫീസ് രഹസ്യമായി സൂക്ഷിക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നും മണ്ണന്തല പോലീസ് ആരോപിക്കുന്നു. പ്രതികളുടെ കൈവിലങ്ങ് അഴിക്കണമെന്ന് വനപാലകർ ആവശ്യപ്പെട്ടിരുന്നതായും പോലീസ് പറയുന്നു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.