Recent-Post

GOTEC പദ്ധതി മികച്ച മാതൃകയെന്ന് നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ


തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടപ്പിലാക്കി വരുന്ന GOTEC (Global Opportunities through English Communication) പദ്ധതി പൊതു വിദ്യാലയങ്ങളിൽ നടന്നു വരുന്ന മികച്ച മാതൃകകളിൽ ഒന്നാണെന്ന് നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ ഇ.എം.എസ് ഹാളിൽ നടന്ന പദ്ധതിയുടെ ഗ്രാൻഡ് ഫിനാലെ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.



ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുവാൻ നിരന്തരമായ പരിശീലനം വേണമെന്നും ഈ വർഷം 78 സർക്കാർ സ്കൂളുകളിൽ നടപ്പിലാക്കിയ GOTEC പദ്ധതി വരും വർഷങ്ങളിലും തുടർന്ന് കൊണ്ടുപോകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല ആഗോളതലത്തിൽ ഇംഗ്ലീഷ് ഭാഷയിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ ഏറെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ടാണ് ഗ്രാൻഡ് ഫിനാലെ സമാപന സമ്മേളനം ആരംഭിച്ചത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാനും മതേതര മൂല്യങ്ങൾ സംരക്ഷിക്കാനും വിദ്യാർഥികൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഡി സുരേഷ് കുമാർ സർ, വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സലൂജ.വി.ആർ, ഡയറ്റ് പ്രിൻസിപ്പൽ ഷീജ കുമാരി, വിദ്യാഭ്യാസ ഉപഡയറക്ടർ തങ്കമണി, ഡിസ്ട്രിക്റ്റ് സെൻറർ ഫോർ ഇംഗ്ലീഷിൻ്റെ ചീഫ് ട്യൂട്ടർ ഡോ.മനോജ് ചന്ദ്രസേനൻ തുടങ്ങിയവർ പങ്കെടുത്തു.


ഗ്രാൻ്റ് ഫിനാലെ മത്സരങ്ങളിൽ മലയിൻകീഴ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം നേടുകയും കൂന്തള്ളൂർ ഹൈസ്‌കൂൾ റണ്ണറപ്പ് ആവുകയും ചെയ്തു. വിജയികൾക്ക് വിശിഷ്ടാതിഥികൾ സമ്മാനങ്ങൾ വിതരണം ചെയ്തു. അധ്യാപക - വിദ്യാർത്ഥി - രക്ഷകർത്തൃ സമൂഹത്തിൽ നിന്നും അഭൂതമായ പിന്തുണയാണ് പദ്ധതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Post a Comment

0 Comments