Recent-Post

ഭാര്യയെയും ഭാര്യാപിതാവിനെയും ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍




ഉറിയാക്കോട്: ഭാര്യയെയും ഭാര്യാപിതാവിനെയും ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കുതിരകുളം ഭഗവതിപുരം ഗാന്ധിജിനഗറില്‍ പ്രകാശി (31) നെയാണ് വിളപ്പില്‍ശാല പോലീസ് അറസ്റ്റ് ചെയ്തത്.



പൂമല സ്വദേശിയായ ഡേവിഡി(65)ന്റെ മകളെയാണ് പ്രകാശ് വിവാഹം ചെയ്തിരുന്നത്. ഭാര്യ തനിക്കൊപ്പം വാടകവീട്ടില്‍ താമസിക്കാന്‍ വരാത്തതില്‍ പ്രകോപിതനായ പ്രകാശ്, യുവതിയെ മര്‍ദിക്കുകയായിരുന്നു. മര്‍ദനം തടയാന്‍ ശ്രമിച്ച ഡേവിഡിനെയും പ്രകാശ് ക്രൂരമായി ആക്രമിച്ചു. ഇരുമ്പുചുറ്റിക കൊണ്ട് ഡേവിഡിന്റെ തലയ്ക്ക് അടിക്കുകയും മര്‍ദിക്കുകയുമായിരുന്നു. ആക്രമണത്തില്‍ ഡേവിഡിന്റെ തലയോട്ടിക്കും വാരിയെല്ലിനും പൊട്ടലുണ്ട്.


തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണിന് ലഭിച്ച രഹസ്യവിവര പ്രകാരം കാട്ടാക്കട ഡിവൈ.എസ്.പി. ഷിബുവിന്റെ മേല്‍നോട്ടത്തില്‍ വിളപ്പില്‍ശാല പോലിസ് ഇന്‍സ്‌പെക്ടര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറായ എന്‍.സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. ആശിഷ്, ബൈജു, സി.പി.ഒ മാരായ അഖില്‍, പ്രദീപ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തതത്.


പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തി. കാട്ടാക്കട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. പോലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടിയ പ്രതിയെ ഉപയോഗിച്ച് കുറ്റകൃത്യം ചെയ്യുവാന്‍ ഉപയോഗിച്ച് ഇരുമ്പ് ചുറ്റിക കണ്ടെത്തുകയും ചെയ്തു. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചു വരികയാണ്.

Post a Comment

0 Comments