നെടുമങ്ങാട്: ആരോഗ്യവും ആത്മവിശ്വാസവുമുള്ള സ്ത്രീസമൂഹം എന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് നഗരസഭ അത്യാധുനിക രീതിയില്‍ സജ്ജീകരിച്ച ഫിറ്റ്നസ് സെന്റര്‍ ഇന്ന് വനിതകള്‍ക്കായി തുറന്നു കൊടുക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ സി എസ് ശ്രീജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 32 ലക്ഷം രൂപവിനിയോഗിച്ച് നെടുമങ്ങാട് നഗരസഭാ കോംപ്ലക്സിന്റെ മൂന്നാം നിലയിലാണ് സെന്റര്‍ സജ്ജീകരിച്ചിട്ടുള്ളത്.
ജിം സംവിധാനത്തിനു പുറമെ സുംബാ ഡാന്‍സിനും യോഗാ പരിശീലനത്തിനും ഉള്ള സംവിധാനവും സെന്ററില്‍ സജ്ജീകരിച്ചിട്ടുണ്ട്. ട്രെഡ്മിൽ, എലിപ്റ്റിക്കൽ ക്രോസ് ട്രെയിനർ, ചാഞ്ഞുകിടക്കുന്ന ബൈക്ക്, മൾട്ടി ജിം, സ്മിത്ത് പ്ലസ് ഫങ്ഷണൽ ട്രെയിനർ, അബ്ഡക്ടര്‍/അഡക്റ്റര്‍, ചിന്‍ ഡിപ്, റോമൻ എക്സ്റ്റൻഷൻ എക്സ്ക്ലൂസീവ്, ഡബിള്‍ ട്വിസ്റ്റർ, മൾട്ടി ആബ്സ് ബെഞ്ച്, ഫ്ലാറ്റ് ബെഞ്ച്, എബി കോർ മെഷീൻ, ഫുൾ ബോഡി വൈബ്രേറ്റർ, സ്റ്റോറേജ് പോസ്റ്റ്, തുഴച്ചിൽ യന്ത്രം, നിയോപ്രീൻ ഡംബൽസ്, ബാർബെല്ലുകൾ, സ്റ്റെപ്പ് ബോർഡ്, കെറ്റിൽ ബെൽ, ജിം ബോൾ, മെഡിസിൻ ബോൾ, യോഗ പായ തുടങ്ങി അത്യാധുനിക പരിശീലന സാമഗ്രികളോടും കൂടിയാണ് സെന്റര്‍ സജ്ജീകരിച്ചിട്ടുള്ളത്.
ബുധനാഴ്ച വൈകിട്ട് മൂന്നിന് നഗരസഭാ അങ്കണത്തില്‍ നടക്കുന്ന യോഗത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ സെന്റര്‍ വനിതകള്‍ക്ക് തുറന്നുകൊടുക്കും. നഗരസഭാ ചെയര്‍പേഴ്സണ്‍ സി എസ് ശ്രീജ അധ്യക്ഷയാകും. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി സതീശന്‍ സ്വാഗതം പറയും. സിനിമാതാരം ശാന്തി മായാദേവി മുഖ്യാതിഥിയാകും. ചെയര്‍പേഴ്സണു പുറമെ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ ബി സതീശന്‍, പി ഹരികേശന്‍ നായര്‍, പി വസന്തകുമാരി, എസ് സിന്ധു, എസ് അജിത എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.