Recent-Post

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; റോക്കറ്റിനു പിന്നിലെ സയന്‍സ് മുതല്‍ ഗഗന്‍യാന്‍ ദൈത്യത്തിന്റെ ഭാവി വരെ; കുട്ടികളുടെ പങ്കാളിത്തംകൊണ്ടു സജീവമായി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്മാരുമായുള്ള സംവാദം



തിരുവനന്തപുരം: ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ഭാഗമായി വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുമായുള്ള സംവാദം എട്ടാം തരം മുതല്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. "Introduction to Launch Vehicles and satellitse" എന്ന വിഷയത്തില്‍ ഡോ ഷീജു ചന്ദ്രന്റെ സെഷനോടെയാണ് പരിപാടിയാരംഭിച്ചത്. കാര്‍, വിമാനം, റോക്കറ്റ് എന്നിവയെ വാഹനം എന്ന നിലയില്‍ അവതരിപ്പിച്ചും വിദ്യാര്‍ഥികള്‍ക്കു ലളിതമായി മനസിലാകുന്ന വിധത്തില്‍ റോക്കറ്റിനു പിന്നിലെ ശാസ്ത്ര രഹസ്യങ്ങളിലേക്ക് കടന്നാണ് അദ്ദേഹം വിഷയം അവതരിപ്പിച്ചത്. റോക്കറ്റുകളെക്കുറിച്ചും കൃത്രിമോപഗ്രഹങ്ങളെക്കുറിച്ചും അവയുടെ പ്രവര്‍ത്തന രീതിയെക്കുറിച്ചും ആഴത്തിലുള്ള ധാരണ നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ സെഷന്‍. തുടര്‍ന്ന് ഡോ ഷനീത് "Energy Systems for Space Applications" എന്ന വിഷയത്തില്‍ സംസാരിച്ചു. റോക്കറ്റിന്റെയും ഉപഗ്രഹങ്ങളുടെയും നിര്‍മാണം മുതല്‍ വിക്ഷേപണവും പേലോഡിനെ കൃത്യമായ ഭ്രമണപഥത്തില്‍ എത്തിക്കുന്നതും വരെയുള്ള ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന ഇന്ധന സംവിധാനങ്ങളെക്കുറിച്ചും ബാറ്ററികളെക്കുറിച്ചുമൊക്കെ അദ്ദേഹം വിശദീകരിച്ചു. "Space Science and Applicatiosn" എന്ന വിഷയത്തില്‍ സംസാരിച്ച ഡോ. സുരേഷ് ബാബു സ്‌പേസ് സയന്‍സിലെ പ്രധാന കണ്ടു പിടുത്തങ്ങളെക്കുറിച്ചും സി.വി. രാമനും ഹോമി ജഹാംഗീര്‍ ബാബയും വിക്രം സാരാഭായിയും അടക്കമുള്ള പ്രതിഭകള്‍ നല്‍കിയ സംഭാവനകളെക്കുറിച്ചുമൊക്കെ വിശദമാക്കി. തുടര്‍ന്ന് ഡോ ജെയ്‌സണ്‍ ജോസഫിന്റെ നേതൃത്വത്തില്‍ നടന്ന ഇന്ററാക്ഷന്‍ സെഷനില്‍ വിദ്യാര്‍ഥികള്‍ സജീവമായിത്തന്നെ പങ്കെടുത്തു.


റോക്കറ്റ് മുകളിലേക്കുയരുമ്പോള്‍ ഘര്‍ഷണം മൂലമുണ്ടാകുന്ന ചൂടിനെ ഊര്‍ജാക്കി മാറ്റി ഉപയോഗിക്കാനുള്ള സാധ്യത, റോക്കറ്റുകളില്‍ ഖര ഇന്ധനത്തിനു പകരം ദ്രവ ഇന്ധനം ഉപയോഗിക്കുമ്പോളുള്ള വ്യത്യാസങ്ങള്‍, ബഹിരാകാശ പര്യവേഷണത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ, ടൈം ട്രാവല്‍, ടൈം മെഷിന്‍ എന്നിങ്ങനെ ഗൗരവമുള്ളതും കൗതുകം നിറഞ്ഞതുമായ നിരവധി ചോദ്യങ്ങള്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ചു. മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ചു സുരക്ഷിതമായി തിരികെയെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഐഎസ്ആര്‍ഒ തയാറാക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിന്റെ പുരോഗതിയെക്കുറിച്ച ഡോ ജെയ്‌സണ്‍ ജോസഫ് വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ എം.സി.ദത്തന്‍, ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞനായ ഡോ ജി.വെങ്കിട്ട്‌നാരായണ, ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ക്യൂറേറ്റര്‍ വൈശാഖന്‍ തമ്പി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കീര്‍ത്തന.കെ.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.


Post a Comment

0 Comments