പോത്തൻകോട്: നവജാതശിശുവിനെ വീടിനു സമീപത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പോത്തൻകോട് മഞ്ഞമല അടപ്പിനകത്ത് ക്ഷേത്രത്തിനു സമീപം കുറവൻവിളാകത്ത് വീട്ടിൽ സുരിത-സജി ദമ്പതിമാരുടെ 36 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ അമ്മ സുരിത(28)യെ പോത്തൻകോട് പോലീസ് അറസ്റ്റുചെയ്തു.
ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ കുഞ്ഞിനെ കാണാനില്ലെന്നു പറഞ്ഞ് കുട്ടിയുടെ അച്ഛൻ സജി പോത്തൻകോട് പോലീസ് സ്റ്റേഷനിലേക്കു വിളിച്ചിരുന്നു.തുടർന്ന് പോലീസെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ വീടിന്റെ പിറകുവശത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുഞ്ഞിനെ ആരോ എടുത്തുകൊണ്ടുപോയെന്നാണ് ആദ്യം സുരിത പോലീസിനോടു പറഞ്ഞത്. പുലർച്ചെ പോലീസ് വീട്ടിലെത്തുമ്പോൾ വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന നിലയിലായിരുന്നു. വാതിൽ പൂട്ടാൻ മറന്നുപോെയന്നും സുരിത പോലീസിനോടു പറഞ്ഞു. തുടർന്നും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്.
ഇതാണ് സംശയത്തിനിടനൽകിയത്. കുട്ടിയെ വളർത്താനുള്ള സാമ്പത്തികപ്രതിസന്ധിയും മാനസികാസ്വാസ്ഥ്യവും കാരണമാണ് കൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. കുട്ടി ഉറങ്ങുന്നതിനിടെ കിണറ്റിൽ ഇടുകയായിരുന്നു. സുരിതയ്ക്ക് നേരത്തേ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം കുഞ്ഞിന്റെ മൃതദേഹം സംസ്കരിച്ചു. സുരിതയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.