തിരുവനന്തപുരം: നാടക പ്രവർത്തകൻ പ്രശാന്ത് നാരായണൻ അന്തരിച്ചു. രാവിലെ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. മോഹന്‍ലാലിനെ നായകനാക്കിയുള്ള ഛായാമുഖി അടക്കം മകരധ്വജൻ, മഹാസാഗരം, മണികർണ്ണിക തുടങ്ങി നിരവധി ഹിറ്റ് നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സംഗീത നാടക അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയിൽ കഥകളി സാഹിത്യകാരൻ വെള്ളായണി നാരായണൻ നായരുടേയും ശാന്തകുമാരി അമ്മയുടേയും മകനാണ്. പ്രശാന്തിന്‍റെ ചെയർമാൻഷിപ്പിൽ 2015 ജൂലൈയിൽ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചതാണ് കളം എന്ന നാടക പരിശീലനക്കളരി.
പ്രമേയത്തിൻ്റെ പ്രത്യേകതയും സമകാലിക വിഷയപ്രസക്തിയും സംവിധാനമികവും ഏറെ ചർച്ച ചെയ്യപ്പെട്ട 'മകരധ്വജൻ' എന്ന നാടകം, സ്ത്രീയുടെ സ്വത്വവേവലാതികളെയും സ്ത്രീ ശാക്തീകരണത്തെയും പ്രമേയമാക്കിയ 'കറ ' എന്ന ഒറ്റയാൾ നാടകം, 'താജ് മഹൽ' എന്ന ശക്തമായ രാഷ്ട്രീയബിംബം പ്രമേയമാക്കിയ കവിതയുടെ ദൃശ്യാവിഷ്കാരമായ 'താജ്മഹൽ' എന്ന നാടകം എന്നിവ പ്രശാന്ത് നാരായണൻ്റെ പ്രവർത്തനവഴികളിൽ ശ്രദ്ധേയമായവയിൽ ചിലതാണ്. ദേശാഭിമാനി പത്രത്തിന് വേണ്ടി എം.ടി യുടെ ജീവിതവും മികച്ച കൃതികളും കോർത്തിണക്കി ചെയ്ത 'മഹാസാഗരം' എന്ന നാടകം ഏറെ ചർച്ചചെയ്യപ്പെട്ടു. മണികർണ്ണിക, ടാഗോറിന്‍റെ തപാലാപ്പീസ്, ഭാസന്‍റെ ഊരുഭംഗം, ദൂതഘടോത്കചം, ഷേക്സ്പിയറിന്‍റെ ഹാംലറ്റ് തുടങ്ങിയവയും സംവിധാനവഴികളിലെ മികച്ച തെളിവുകളാണ്. പതിനേഴാമത്തെ വയസ്സിൽ 'ഭാരതാന്തം' എന്ന ആട്ടക്കഥ എഴുതി ചിട്ടപ്പെടുത്തി. പിന്നീടത് പുസ്തക രൂപത്തിൽ പ്രസിദ്ധികരിക്കുകയും ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്യപ്പെടുകയും ഉണ്ടായി. ഇന്തോ-ജർമ്മൻ പ്രോജക്റ്റിന് വേണ്ടി യൂറിപ്പിഡിസിന്റെ പ്രസിദ്ധ കൃതി 'മിഡിയ' ആട്ടക്കഥാരൂപത്തിൽ എഴുതി.
2003 ൽ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടക രചനയ്ക്കുള്ള അവാർഡ്, 2011 ൽ ദുർഗ്ഗാദത്തപുരസ്കാരം, 2015 ൽ എ പി കളയ്ക്കാട് അവാർഡ്, 2016ൽ അബുദാബി ശക്തി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.