Recent-Post

കിള്ളിയാറിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി



വട്ടിയൂർക്കാവ്: മേലത്തുമേലെ മണ്ണാമ്മൂല ഭാഗത്തെ കിള്ളിയാറിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. നെട്ടയം മലമുകൾ ഈയ്യക്കുഴി അനന്തുഭവനിൽ ജോയ്-ലത ദമ്പതിമാരുടെ മകൻ നന്ദുവാണ് (26) മരിച്ചത്.


തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. പോലീസ് പറയുന്നതിങ്ങനെ; മണ്ണാമ്മൂല പാലത്തിനു സമീപം കിള്ളിയാറിന്റെ കരയിലിരുന്ന് അഞ്ച് യുവാക്കൾ മദ്യപിച്ചു. ഇതിനിടയിൽ നന്ദുവിനെ കാണാതായി. കൂടെയുണ്ടായിരുന്നവർ പേരൂർക്കട പോലീസിലും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തിയപ്പോൾ യുവാക്കൾ പരസ്പരബന്ധമില്ലാതെയാണ് സംസാരിച്ചത്.


ഇതിനിടയിൽ കാണാതായ നന്ദു വീട്ടിലെത്തിയതായി വിവരം ലഭിച്ചെന്ന് ഒരു യുവാവ് പറഞ്ഞു. അതോടെ പോലീസും അഗ്നിരക്ഷാസേനയും തിരികെപ്പോയി. എന്നാൽ നന്ദു വീട്ടിൽ എത്തിയിട്ടില്ലെന്ന് പിന്നീട് മനസ്സിലാക്കിയ യുവാക്കളും നാട്ടുകാരും ചേർന്ന് സ്ഥലത്തു പരിശോധന നടത്തി.

തുടർന്നാണ് ആറ്റിൽ നന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് ചൊവ്വാഴ്ച രാത്രി ശാന്തികവാടത്തിൽ സംസ്കാരം നടന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് വട്ടിയൂർക്കാവ് പോലീസ് കേസെടുത്തു.

Post a Comment

0 Comments