കുറ്റിച്ചൽ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗത്തെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. നാട്ടുകാർ മെഡിക്കൽ എടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇയാൾ സ്ഥലത്ത് നിന്ന് പോയി. ഇത് നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കി. ശനിയാഴ്ച രാത്രി 12.30ന് കുറ്റിച്ചിലിൽ നിന്നും കോട്ടൂരിലേയ്ക്ക് പോവുകയായിരുന്ന മാരുതി സിഫ്റ്റ് വാഹനം ചപ്പാത്തിൽ നിന്ന് കുറ്റിച്ചലിലേയ്ക്ക് പോയ 4 അംഗ കുടുംബം സഞ്ചരിച്ച ഓട്ടോ റിക്ഷയെ ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു. കാർ എതിർ ദിശിലേക്ക് നീങ്ങിയാണ് നിന്നത്.
രാത്രിയിൽ വലിയ ശബ്ദം കേട്ട് ഓടിവന്ന നാട്ടുകാർ രക്ഷാ പ്രവർത്തനത്തിനിടെ കാർ ഡ്രൈവർ മദ്യപിച്ചിരുന്നത് ശ്രദ്ധയിൽ പെടുകയും തടഞ്ഞുവെച്ച് നൊയ്യാർഡാം പൊലീസിനെ അറിയിക്കുകയും ചെയ്തു. തടഞ്ഞുവച്ച ശേഷമാണ് കാർ ഓടിച്ചിരുന്നത് വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം രമേശ് ആണെന്ന് കണ്ടത്. അപകടം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചു.
നെയ്യാർ ഡാം പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കാറിൽ രണ്ട് മദ്യ കുപ്പികളും ഗ്ലാസും കണ്ടെത്തി. ഇതോടെ വാഹനം ഓടിച്ചിരുന്ന ബ്ലോക്ക് മെമ്പറെ മെഡിക്കൽ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ പൊലീസ് ഇതിന് വിസമ്മതിക്കുകയും ആദ്യം ആശുപത്രിയിൽ പോകട്ടെ എന്നും പറഞ്ഞു മടങ്ങി. ഇതിനിടെ സ്ഥലത്തെത്തിയ ചിലർ രമേശിനെ ബൈക്കിൽ കയറ്റി സ്ഥലത്ത് നിന്നും മാറ്റിയെന്നും പരാതിയുണ്ട്. അപകടത്തിൽപ്പെട്ടവർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.