
ആര്യനാട്: ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് ആര്യനാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം താളംതെറ്റിക്കുന്നു. ഒരാഴ്ചയായി രാത്രിയായാൽ ഡോക്ടറുടെ സേവനമില്ല. രാത്രിയിൽ അപകടത്തിൽപ്പെടുന്നവരെയുൾപ്പെടെ ആശുപത്രിയിലെത്തുന്നവരെ 12 കിലോമീറ്റർ അകലെയുള്ള നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കാണയയ്ക്കുന്നത്.

ആദിവാസികളുൾപ്പെടെ ദിവസവും ഒ.പി.വിഭാഗത്തിൽത്തന്നെ അഞ്ഞൂറോളം രോഗികളെത്തുന്നുണ്ട്. 33 സെന്റിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ 20 രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. ഇവിടെയുള്ളത് മെഡിക്കൽ ഓഫീസർ ഉൾപ്പെടെ മൂന്ന് ഡോക്ടർമാർ മാത്രം. രണ്ട് എൻ.ആർ.എച്ച്.എം. ഡോക്ടറുടെയും രണ്ട് ഹൗസ് സർജന്റെയും സേവനം ആശുപത്രിയിലുണ്ട്. ഒ.പി.യിൽ രണ്ട് ഡോക്ടറുടെ സേവനമാണ് ഇപ്പോഴുള്ളത്. അതിനാൽ ഡോക്ടറെ കാണുന്നതിനായി രോഗികൾക്ക് മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടിവരുന്നു. തൊളിക്കോട്, ആര്യനാട്, കുറ്റിച്ചൽ, ഉഴമലയ്ക്കൽ പഞ്ചായത്തുകളിലുള്ള നിർധനരാണ് ചികിത്സയ്ക്കായി പ്രധാനമായും ആര്യനാട് ആശുപത്രിയെ ആശ്രയിക്കുന്നത്. അഞ്ച് സ്റ്റാഫ് നഴ്സ് തസ്തികയുള്ള ആശുപത്രിയിൽ നിലവിൽ ഒരു നഴ്സ് മാത്രമാണുള്ളത്.

എൻ.ആർ.എച്ച്.എം. വഴി നിയമിച്ച മൂന്ന് നഴ്‌സും ഒരു നഴ്‌സിങ് അസിസ്റ്റന്റുമാണ് പിന്നീടുള്ളത്. ഗ്രേഡ് വൺ നഴ്‌സിങ് അസിസ്റ്റന്റ്, പാർട്ട് ടൈം സ്വീപ്പറെയും നിയമിച്ചിട്ടില്ല. എച്ച്.എം.സി.യാണ് ഇപ്പോൾ സ്വീപ്പറെ നിയമിച്ചിരിക്കുന്നത്. ഒരു ഫാർമസിസ്റ്റ് മാത്രമാണ് ആശുപത്രിയിലുള്ളത്. മൂന്നുമാസത്തിലൊരിക്കലാണ് ആശുപത്രിയിൽ മരുന്നെത്തിക്കുന്നത്. രോഗികളുടെ എണ്ണക്കൂടുതൽ കാരണം ഇത് രണ്ടരമാസത്തിനുള്ളിൽത്തന്നെ തീരും. അടുത്ത തവണ മരുന്നെത്തുന്നതുവരെ രോഗികൾക്ക് പുറത്തുനിന്നു മരുന്നു വാങ്ങേണ്ടസ്ഥിതിയാണ്.

ആശുപത്രിയിലെ മാലിന്യസംസ്കരണത്തിനും പ്രത്യേക സംവിധാനമില്ല. ഇപ്പോൾ ആശുപത്രിക്ക് സമീപത്ത് വാങ്ങിയ അഞ്ചുസെന്റ് സ്ഥലത്ത് ഇവ കൂട്ടിയിട്ട് കത്തിക്കുകയാണ് പതിവ്. ആശുപത്രിയുടെ വികസനത്തിനായി ആനന്ദേശ്വരത്ത് വാങ്ങിയ വസ്തുവും വെറുതേ കിടക്കുകയാണ്. സി.എച്ച്.സി. എന്നാണ് പേരെങ്കിലും പി.എച്ച്.സി.യിലുള്ള ജീവനക്കാർ മാത്രമേ ഇപ്പോഴും ഇവിടെയുള്ളതെന്നാണ് പ്രധാന പരാതി. മുഴുവൻ സമയവും അത്യാഹിതവിഭാഗം ഉൾപ്പെടെ പ്രവർത്തിപ്പിക്കുന്നതിന് ഇപ്പോഴുള്ള ജീവനക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.